27/01/2026

‘നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമിക്കാൻ നോക്കി, അന്ന് എതിർത്തത് പട്ടേൽ മാത്രം’; ആരോപണവുമായി രാജ്‌നാഥ് സിങ്‌

 ‘നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമിക്കാൻ നോക്കി, അന്ന് എതിർത്തത് പട്ടേൽ മാത്രം’; ആരോപണവുമായി രാജ്‌നാഥ് സിങ്‌

ന്യൂ ഡൽഹി: ബാബരി മസ്ജിദ് നിർമ്മിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭ്ഭായി പട്ടേൽ അതിനെ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘സർദാർ സഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോട അനുബന്ധിച്ച് യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ സംഘടിപ്പിച്ച പരിപാടിയിലാണ് രാജ്‌നാഥ് സിംഗ് ഈ പരാമർശം നടത്തിയത്.

രാജ്‌നാഥ് സിങ്ങിൻ്റെ വാക്കുകൾ ഇങ്ങനെ:

“പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് അയോധ്യയിൽ ബാബരി മസ്ജിദ് നിർമ്മിക്കാൻ സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ ആരെങ്കിലും എതിർത്തിട്ടുണ്ടെങ്കിൽ അത് സർദാർ വല്ലഭ്ഭായി പട്ടേൽ മാത്രമാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് പള്ളി നിർമ്മിക്കാൻ അദ്ദേഹം അനുവദിച്ചില്ല.”

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ കാര്യവും രാജ്‌നാഥ് സിങ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സോമനാഥ ക്ഷേത്രത്തിന്റെ കാര്യത്തിൽ സർക്കാർ പണം ഉപയോഗിക്കില്ലെന്നും ജനങ്ങളിൽ നിന്നുള്ള സംഭാവന കൊണ്ടാണ് ക്ഷേത്രം നിർമ്മിക്കേണ്ടതെന്നും പട്ടേൽ നിലപാടെടുത്തു. ക്ഷേത്ര പുനരുദ്ധാരണത്തിന് ആവശ്യമായ 30 ലക്ഷം രൂപ സാധാരണക്കാരായ ജനങ്ങൾ നൽകിയതാണ്. സർക്കാർ പണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് പട്ടേൽ നെഹ്‌റുവിനോട് വ്യക്തമാക്കിയിരുന്നതായും രാജ്‌നാഥ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സർക്കാർ ഒരു രൂപ പോലും നൽകിയിട്ടില്ല. മുഴുവൻ ചെലവും ജനങ്ങളാണ് വഹിച്ചത്. ഇതാണ് യഥാർത്ഥ മതേതരത്വമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിക്ക് നൽകിയ വാക്ക് കാരണമാണ് ആശയ വ്യത്യാസങ്ങൾക്കിടയിലും പട്ടേൽ നെഹ്‌റുവിനൊപ്പം പ്രവർത്തിച്ചത്. നെഹ്‌റു സ്വയം ഭാരതരത്‌ന നൽകി ആദരിച്ചപ്പോൾ പട്ടേലിന് അന്ന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും, നരേന്ദ്ര മോദി സർക്കാരാണ് ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ നിർമ്മിച്ച് പട്ടേലിന് ഉചിതമായ ആദരവ് നൽകിയതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

Also read: