‘എസ് ഐ ആറില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണം’; ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ യോഗി ആദിത്യനാഥ്
ലഖ്നൗ: വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് അദ്ദേഹം ഈ കര്‍ശന നിര്‍ദേശം കൈമാറിയത്.
വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബൂത്ത് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് യോഗിയുടെ പ്രധാന നിര്‍ദേശം. ‘800 മുസ്ലിം വോട്ടര്‍മാരും 200 ഹിന്ദു വോട്ടര്‍മാരുമുള്ള ബൂത്തുകളില്‍, ഹിന്ദു വോട്ടര്‍മാരുടെ ബൂത്ത് മാറ്റേണ്ടതുണ്ട്. മുസ്ലിം വോട്ടര്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ ‘നമ്മുടെ വോട്ടര്‍മാര്‍’ പലപ്പോഴും ഇത്തരം ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നു,’ യോഗി ആദിത്യനാഥ് പറഞ്ഞു.
എസ്.ഐ.ആര്‍ ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു എംഎല്‍എയെയും അനുവദിക്കില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജയത്തിന് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.