ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരേയൊരു ശ്രീനി
സിനിമയുടെ നാനാതുറകളിലും ഒരുപോലെ നിറമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ…മലയാളത്തിന്റെ ശ്രീനിക്ക് വിട. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ ചലച്ചിത്ര ശാഖയില്‍ ഒരു യുഗം തീര്‍ത്ത ഒരേയൊരു ശ്രീനിയാണ് കാലയവനികയിലേക്ക് മറയുന്നത്.
മലയാളി ഉള്ള കാലത്തോളം മലയാള ചലച്ചിത്ര ശാഖ ഉള്ള കാലത്തോളം എന്നും ഓര്‍മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങളെ വെള്ളിവെളിച്ചത്തില്‍ വരച്ചു ചേര്‍ത്താണ് ശ്രീനിവാസന്‍ വിട ചൊല്ലുന്നത്. അദ്ദേഹത്തോടൊപ്പം മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രനിര്‍മിതി യുഗം കൂടിയാണ് പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത്.
സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ഉള്‍ക്കാമ്പുള്ള ശ്രീനിവാസന്‍ യൂണിവേഴ്‌സില്‍ ഒരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങളാണ് അനുഭവിക്കാനായത്. നര്‍മത്തില്‍ പൊതിഞ്ഞ ചിന്തിപ്പിക്കുന്ന സിനിമകള്‍ ഒരുക്കിയ മലയാളസിനിമയുടെ ‘ബഷീറാ’ണ് ഒരു പക്ഷേ ശ്രീനിവാസന്‍.
നീണ്ട 48 വര്‍ഷക്കാലമാണ് ശ്രീനിവാസന്‍ മലയാളസിനിമയിലെ വിവിധ മേഖലകളിലായി പ്രവര്‍ത്തിച്ചത്. കഥ, തിരക്കഥ സംവിധാനം, അഭിനയം, ഡബ്ബിംങ് ആര്‍ടിസ്റ്റ് തുടങ്ങിയ സകല മേഖലകളിലും പ്രവര്‍ത്തിച്ച സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാഷ്ട്രീയ വേരുകളെ അടിമുടി വരച്ചുകാണിച്ച ആക്ഷേപ ഹാസ്യത്തിന്റെ സകല മര്‍മങ്ങളും ചേര്‍ത്തുകുഴച്ചെടുത്തു പൂര്‍ത്തിയാക്കിയ നിര്‍മിതി തന്നെയായിരുന്നു വടക്കുനോക്കി യന്ത്രം. പിന്നീട് ഒരു തുറന്നു പറച്ചിലില്‍ ശ്രീനിവാസന്റെ രാഷ്ടീയ വേരുകളെ പലരും അന്വഷിച്ചിരുന്നു.
അഭിനയത്തിലും തിരക്കഥാ രചനയിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളി ജീവിതത്തിന്റെ വെളിപ്പെടുത്തലായിരുന്നു. ആക്ഷേപഹാസ്യത്തിലൂടെ അദ്ദേഹം വരച്ചിട്ടത് വെറും ചലച്ചിത്രമായിരുന്നില്ല മലയാളി സമൂഹത്തിന്റെ കാപട്യമുഖത്തിന്റെ നേര്‍കാഴ്ചയായിരുന്നു. സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിക്കാവുന്ന സിനിമയായാണ് ചിന്താവിഷ്ടയായ ശ്യാമള അടയാളപ്പെടുത്തുന്നത്. മലയാള സിനിമാചരിത്രത്തിലെ സാമൂഹ്യ വിമര്‍ശന സിനിമകളുടെ ആദ്യ പത്തില്‍ ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ സിനിമകള്‍ ഉണ്ടാകുമെന്നത് തീര്‍ച്ച.
മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റെന്ന നിലയിലാണ് തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്.
പിന്നീട് 1984ല്‍ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിമയില്‍ അപ്രതീക്ഷിതമായി വന്നെത്തിയതിന്റെ കഥ നര്‍മത്തില്‍ ചാലിച്ച് ശ്രീനിവാസന്‍ പ്രിയദര്‍ശനെ മുന്നിലിരുത്തി പറഞ്ഞതിങ്ങനെയാണ്. അഭിനയിക്കാന്‍ പോയ തന്നെ സിനിമയെന്ന അണ്ഡകടാഹത്തിലെ തിരക്കഥ എഴുത്തിലേക്ക് തളളിവിട്ടത് പ്രിയദര്‍ശന്‍ ആണ്. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ തിരക്കഥ എഴുതണമെന്ന പ്രിയന്റെ ഭീഷണിയിലാണ് ഞാന്‍ തിരക്കഥാകൃത്തായത്. ഇത്തരത്തില്‍ സിനിമയേയും ജീവിതത്തേയും, ബന്ധങ്ങളെയും നര്‍മത്തിന്റെ തീവ്രചായം പൂശി കാര്യകാരണങ്ങളായി അവതരിപ്പിക്കുകയാണ് ശ്രീനിയുടെ രീതി അതാണ് അദ്ദേഹത്തിന്റെ സിനിമകളെ മാറ്റിനിര്‍ത്തി എവര്‍ഗ്രീനാക്കി സൂക്ഷിക്കുന്നതും.
പുരസ്‌കാരങ്ങള്‍:
. കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം; മികച്ച കഥ , സന്ദേശം (1991)
. കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം മികച്ച തിരക്കഥ, മഴയെത്തും മുമ്പേ (1995)
. കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം മികച്ച ജനപ്രിയ സിനിമ, ചിന്താവിഷ്ടയായ ശ്യാമള (1998),
. കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം മികച്ച ചിത്രം വടക്കുനോക്കിയന്ത്രം (1989).
. കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ജൂറിയുടെ പ്രത്യേക അവാര്‍ഡ് തകരച്ചെണ്ട (2006)
പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകള്‍ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി. ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം ഏറെക്കാലം മലയാള സിനിമയുടെ പ്രിയപ്പെട്ട കൂട്ടായി മാറി. പ്രിയദര്‍ശനും കമലും ശ്രീനിവാസനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആ കൂട്ടുകെട്ടുകള്‍ ഒരു കാലത്തെ ഹിറ്റ് ടീമായി മാറി. ടി പി ബാലഗോപാലന്‍ എംഎ, അയാള്‍ കഥയെഴുതുകയാണ്,സന്മനസ്സുള്ളവര്‍ക്ക് സമാധാനം, അഴകിയ രാവണന്‍, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്ദേശം, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങളാണ്. റോഷന്‍ ആന്‍ഡ്രൂസ്, സിബി മലയില്‍, ഹരികുമാര്‍, പി ജി വിശ്വംഭരന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും ടി കെ രാജീവ് കുമാര്‍, മാര്‍ടിന്‍ പ്രക്കാട്ട്, സിദ്ദിഖ്, മോഹന്‍, രഞ്ജിത്ത്, വി എം വിനു, എന്നിവര്‍ക്കൊപ്പവും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചു.