’അഞ്ചുലക്ഷം രണ്ടരക്കോടിയാക്കാം!’ ഫാം ഹൗസിലെ പൂജയ്ക്കിടെ പ്രമുഖ വ്യവസായി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ
റായ്പൂർ: പണം ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി മന്ത്രവാദ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യവസായി ഉൾപ്പെടെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലുള്ള ഒരു ഫാംഹൗസിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിന്റെ മറവിൽ നടന്ന ആസൂത്രിത കൊലപാതകമാണോ ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.
കോർബയിലെ പ്രമുഖ സ്‌ക്രാപ്പ് വ്യാപാരിയായ മുഹമ്മദ് അഷ്‌റഫ് മേമൻ, സുരേഷ് സാഹു, ബലോഡ ബസാർ സ്വദേശി നിതീഷ് കുമാർ എന്നിവരാണ് മരിച്ചത്. അഞ്ച് ലക്ഷം രൂപ നൽകിയാൽ ‘മാന്ത്രിക വിദ്യയിലൂടെ’ ഒറ്റരാത്രികൊണ്ട് 2.5 കോടി രൂപയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇവരെ അഷ്‌റഫിന്റെ കുദ്രിയിലുള്ള ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. ബിലാസ്പൂരിൽ നിന്നെത്തിയ ‘ബൈഗ’ എന്നറിയപ്പെടുന്ന മന്ത്രവാദിയും നാലംഗ സംഘവും ഫാം ഹൗസിലെ ഒരു മുറിയിൽ പൂജകൾ നടത്തിയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
ചടങ്ങിനിടെ മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. എന്നാൽ, മൃതദേഹങ്ങളിൽ കണ്ട ലക്ഷണങ്ങൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരിച്ചവരിൽ ഒരാളുടെ വായിൽ നാരങ്ങയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് പേരുടെയും കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ട്.
പൂജയ്ക്കുപയോഗിച്ച സാമഗ്രികളും സംശയാസ്പദമായ വസ്തുക്കളും പോലീസ് സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ 12 മണിയോടെ ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് കോർബ എസ്.പി സിദ്ധാർത്ഥ് തിവാരി വ്യക്തമാക്കി. മന്ത്രവാദി ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിലായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വ്യക്തിവൈരാഗ്യം, ആസൂത്രിത കൊലപാതകം തുടങ്ങി എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ഫലങ്ങളും ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.