03/04/2026
[fontresizer_tawhidurrahmandear_widget]

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി: യാത്രാ നിരക്ക് കൂട്ടി; പുതുക്കിയ നിരക്കുകൾ അറിയാം

 ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി: യാത്രാ നിരക്ക് കൂട്ടി; പുതുക്കിയ നിരക്കുകൾ അറിയാം

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് വർദ്ധിപ്പിച്ചു. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റെയിൽവേ മന്ത്രാലയം ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്തുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ദീർഘദൂര യാത്രക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കും റെയിൽവേയുടെ പ്രവർത്തന സുസ്ഥിരതയും സന്തുലിതമായി കൊണ്ടുപോകാനാണ് മാറ്റമെന്ന് മന്ത്രാലയം വിശദീകരിച്ചു. എന്നാൽ സാധാരണക്കാർക്കും നിത്യയാത്രക്കാർക്കും ആശ്വാസമായി സബർബൻ, നോൺസബർബൻ സർവീസുകളെയും സീസൺ ടിക്കറ്റുകളെയും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതുക്കിയ നിരക്കുകൾ ഇങ്ങനെ:

സെക്കൻഡ് ക്ലാസ് ഓർഡിനറി: 215 കിലോമീറ്റർ വരെ വർദ്ധനവില്ല. 216 മുതൽ 750 കിലോമീറ്റർ വരെ 5 രൂപയും, 751 മുതൽ 1,250 കിലോമീറ്റർ വരെ 10 രൂപയും അധികമായി നൽകണം. ദൂരം കൂടുന്നതനുസരിച്ച് പരമാവധി 20 രൂപ വരെയാണ് വർദ്ധന.

സ്ലീപ്പർ, ഫസ്റ്റ് ക്ലാസ് (ഓർഡിനറി): കിലോമീറ്ററിന് 1 പൈസ വീതം വർദ്ധിപ്പിച്ചു.

മെയിൽ/എക്‌സ്പ്രസ് ട്രെയിനുകൾ: നോൺഎസി, എസി ക്ലാസുകളിൽ (സ്ലീപ്പർ, എസി 3ടയർ, എസി 2ടയർ, എസി ഫസ്റ്റ് ക്ലാസ് ഉൾപ്പെടെ) കിലോമീറ്ററിന് 2 പൈസ വീതമാണ് കൂട്ടിയത്. ഇതനുസരിച്ച് 500 കിലോമീറ്റർ യാത്രയ്ക്ക് ഏകദേശം 10 രൂപയുടെ വർദ്ധനവുണ്ടാകും.

രാജധാനി, ശതാബ്ദി, വന്ദേ ഭാരത്, അമൃത് ഭാരത്, തേജസ്, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകൾക്കും പുതിയ നിരക്ക് ബാധകമാണ്.

നേരത്തെ ബുക്ക് ചെയ്തവർക്ക് ആശ്വാസം
ഇന്നോ അതിനുശേഷമോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമാണ് പുതിയ നിരക്ക് ബാധകം. മുൻകൂട്ടി ടിക്കറ്റ് എടുത്തവർ യാത്ര ചെയ്യുന്നത് നാളെ മുതലാണെങ്കിലും അധിക തുക നൽകേണ്ടതില്ല. കൂടാതെ, റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല. ജിഎസ്ടി നിയമങ്ങളും റൗണ്ടിംഗ് ഓഫ് രീതികളും നിലവിലുള്ളത് പോലെ തുടരുമെന്നും റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചും റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

Also read: