06/03/2026
[fontresizer_tawhidurrahmandear_widget]

ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് ജാമ്യം നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

 ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് ജാമ്യം നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത്. ഇതോടെ സെന്‍ഗാര്‍ ജയിലില്‍ തന്നെ തുടരും.

സെന്‍ഗാറിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ജാമ്യം നല്‍കിയ നടപടിയെ ‘ഭയാനകം’ എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വിശേഷിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കുറഞ്ഞത് 20 വര്‍ഷം തടവെങ്കിലും നല്‍കണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ അദ്ദേഹം വാദിച്ചു. കേസ് പരിഗണിച്ച സുപ്രീം കോടതി സെന്‍ഗാറിനോട് നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി അവസാന വാരം കേസില്‍ വീണ്ടും വാദം കേള്‍ക്കും.

കഴിഞ്ഞ ഏഴ് വര്‍ഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ സെന്‍ഗാറിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബലാത്സംഗക്കേസിന് പുറമെ ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലും സെന്‍ഗാര്‍ പ്രതിയാണ്. ആ കേസില്‍ 10 വര്‍ഷം തടവ് അനുഭവിക്കുന്നതിനാല്‍ ഹൈക്കോടതി ഉത്തരവ് വന്നാലും ഇയാള്‍ പുറത്തിറങ്ങില്ല. സുപ്രീം കോടതിയുടെ പുതിയ നടപടിയെ അതിജീവിതയുടെ കുടുംബം സ്വാഗതം ചെയ്തു. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വെച്ച് സെന്‍ഗാര്‍ പീഡിപ്പിച്ചത്.

Also read: