‘അഖ്‌ലാഖ് ആള്‍ക്കൂട്ടക്കൊലക്കേസ് പിന്‍വലിച്ചാല്‍ സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കാം’; വിചിത്ര വാദങ്ങളുമായി യു.പി സര്‍ക്കാര്‍, നിയമപോരാട്ടം ശക്തമാക്കി കുടുംബം
കൊല്ലപ്പെട്ട അഖ്‍ലാഖ്, മരണവാര്‍ത്ത അറിഞ്ഞ് വാവിട്ടു കരയുന്ന ബന്ധുക്കള്‍ (ഫയല്‍ ചിത്രം)
ലഖ്‌നൗ: 2015-ലെ മുഹമ്മദ് അഖ്‍ലാഖ് ആള്‍ക്കൂട്ടക്കൊലക്കേസ് പിന്‍വലിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടവുമായി അഖ്ലാഖിന്റെ കുടുംബം. കേസ് പിന്‍വലിക്കുന്നത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം അലഹബാദ് ഹൈക്കോടതിയെയും നോയിഡയിലെ വിചാരണ കോടതിയെയും സമീപിച്ചു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട്, ‘വടികള്‍ ഉപയോഗിച്ച് ഒരാളെ അടിച്ചു കൊല്ലുന്നത് തോക്കുപയോഗിച്ച് കൊല്ലുന്നതിനെക്കാള്‍ കുറഞ്ഞ കുറ്റമാണോ?’ എന്ന് അഖ്ലാഖിന്റെ കുടുംബം കോടതിയില്‍ ചോദിച്ചു.
കഴിഞ്ഞ മാസമാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഗവണ്‍മെന്റ് കൗണ്‍സല്‍ ഭാഗ് സിങ് ഭാട്ടി മുഖേന യുപി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. കേസ് പിന്‍വലിക്കുന്നത് ഗ്രാമത്തില്‍ സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന വിചിത്രമായ വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ആക്രമണത്തില്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടില്ല, ഇരുവിഭാഗങ്ങള്‍ക്കും തമ്മില്‍ മുന്‍വൈരാഗ്യമില്ലായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ, പ്രധാന സാക്ഷികളില്‍ ഒരാളുടെ മൊഴി മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും സര്‍ക്കാര്‍ വാദിച്ചു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസം പശുവിന്റേതോ അതിന്റെ വംശത്തില്‍പ്പെട്ടതിന്റേതോ ആണെന്ന വിവാദ ഫോറന്‍സിക് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയതായാണു വിവരം.
എന്നാല്‍, ഈ വാദങ്ങളെ അഖ്ലാഖിന്റെ കുടുംബം ശക്തമായി എതിര്‍ത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, കുറ്റപത്രം സമര്‍പ്പിച്ച്, കുറ്റം ചുമത്തപ്പെട്ട ഒരു കേസ് പിന്‍വലിക്കുന്നത് നിയമവിരുദ്ധമാണെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് സൈഫി പറഞ്ഞു. ‘അഖ്ലാഖിന്റെ മകള്‍ ഷൈസ്തയുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മകന്‍ ദാനിഷ്, ഭാര്യ ഇക്രാമന്‍ എന്നിവരുടെ മൊഴികള്‍ കൂടി രേഖപ്പെടുത്താനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും, ഇത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ സയിദ് ഒമര്‍ സമീന്‍ വാദിച്ചു. ‘അനീതി എവിടെ നടന്നാലും ്ത് എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്’ എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വാക്കുകളും ഹരജിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അധികാരം രാഷ്ട്രീയ അജണ്ടകള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2015 സെപ്റ്റംബര്‍ 28-നാണ് ദാദ്രിയിലെ ബിസാഡ ഗ്രാമത്തില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. വാദം കേള്‍ക്കുന്നതിനായി സൂരജ്പൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതി കേസ് ഡിസംബര്‍ 23-ലേക്ക് മാറ്റി. ശീതകാല അവധിക്ക് ശേഷം ജനുവരി അഞ്ചിനാണ് ഹൈക്കോടതി വീണ്ടും തുറക്കുക. അടുത്ത സിറ്റിങ്ങില്‍ കുടുംബത്തിന്റെ തടസ്സവാദങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹരിരാജ് സിങ് അറിയിച്ചു.