26/01/2026

വൈഭവ് സൂര്യവംശിക്കു നേരെ പാക് ആരാധകരുടെ കൂക്കിവിളിയും അധിക്ഷേപവും!

 വൈഭവ് സൂര്യവംശിക്കു നേരെ പാക് ആരാധകരുടെ കൂക്കിവിളിയും അധിക്ഷേപവും!

ദുബൈ: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്കുനേരെ പാക് ആരാധകരുടെ മോശം പെരുമാറ്റം. ചിരവൈരികളായ പാകിസ്ഥാനോട് 191 റൺസിന്റെ പരാജയം വഴങ്ങി ഇന്ത്യ സ്‌റ്റേഡിയത്തിന് പുറത്തേക്ക് വരുമ്പോഴാണ് ഗാലറിയിൽ നിന്ന് ഒരു വിഭാഗം പാക് ആരാധകർ താരത്തെ കൂക്കിവിളിച്ചും പ്രകോപിപ്പിച്ചും രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 348 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ വെറും 156 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ടൂർണമെന്റിലുടനീളം മിന്നും ഫോമിലായിരുന്ന വൈഭവ് സൂര്യവംശിക്ക് ഫൈനലിൽ ആ പ്രകടനം ആവർത്തിക്കാനായില്ല. മത്സരത്തിനിടെ പാക് പേസർ അലി റാസയും സൂര്യവംശിയും തമ്മിൽ മൈതാനത്ത് വാക്കുതർക്കമുണ്ടായതും വലിയ വിവാദമായിരിക്കുകയാണ്. സൂര്യവംശിയെ പുറത്താക്കിയ ശേഷം റാസ നടത്തിയ ആഹ്ലാദപ്രകടനമാണ് തർക്കത്തിന് കാരണമായത്. മറുപടിയായി സൂര്യവംശി ചില ആംഗ്യങ്ങൾ കാണിച്ചത് പാക് താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചു. മത്സരശേഷം താരം പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നുള്ള അധിക്ഷേപങ്ങൾ.

അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 52.20 ശരാശരിയിൽ 261 റൺസെടുത്ത സൂര്യവംശിയാണ് ടൂർണമെന്റിലെ റൺവേട്ടയിൽ മുന്നിലെത്തിയത്. യുഎഇക്കെതിരെ 56 പന്തിൽ നിന്ന് 171 റൺസ് നേടിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 182.51 ആയിരുന്നു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും പതിനാലുകാരനായ ഈ യുവതാരം ഭാവി ഇന്ത്യൻ ക്രിക്കറ്റിലെ വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യാ കപ്പിന് ശേഷം താരം ബിഹാറിനായി ആഭ്യന്തര ക്രിക്കറ്റിൽ കളത്തിലിറങ്ങും.

Also read: