യുപിയിൽ BJP നേതാവിൻറെ ഫ്ലാറ്റിൽ നിന്ന് വൻ സെക്‌സ് റാക്കറ്റ് പിടിയിൽ; സ്‌പായുടെ മറവിൽ നടന്നത് ഞെട്ടിക്കുന്ന ഇടപാടുകൾ
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വാരണാസി സിഗ്രയിലെ ‘മെലഡി സ്പാ’ സെന്ററിലും ഒരു ഫ്ലാറ്റിലുമായി നടന്ന റെയ്ഡിൽ ഒമ്പത് സ്ത്രീകളുൾപ്പെടെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുൻ മേയർ സ്ഥാനാർത്ഥിയും നിലവിൽ ബിജെപി നേതാവുമായ ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് റെയ്ഡ് നടന്ന കെട്ടിടങ്ങൾ. സിഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മാർട്ട് ബസാറിന് സമീപമുള്ള എബി മാരേജ് ലോണിന് എതിർവശത്തുള്ള മെലഡി സ്പായിലും, ത്രിനേത്ര ഭവന് സമീപത്തെ ഫ്ലാറ്റ് നമ്പർ 112-ലുമാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG-2) മിന്നൽ പരിശോധന നടത്തിയത്.
സ്പാ സെന്ററിൽ നിന്നും ഫ്ലാറ്റിൽ നിന്നുമായി 9 സ്ത്രീകളെയും 4 പുരുഷന്മാരെയുമാണ് പോലീസ് പിടികൂടിയത്. പരിശോധനയിൽ 23,100 രൂപയും മൊബൈൽ ഫോണുകളും മറ്റ് ആപ്പത്തികരമായ സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും അവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് ശാലിനി യാദവിന്റെയും കുടുംബത്തിന്റെയും വിശദീകരണം. തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ശാലിനി യാദവ് ആരോപിച്ചു.
പോലീസ് നടപടിയെത്തുടർന്ന് സ്പാ സെന്ററും ഫ്ലാറ്റും സീൽ ചെയ്തു. പിടിയിലായവർക്കെതിരെ സിഗ്ര പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ശേഖരിച്ചതായി പോലീസ് അറിയിച്ചു