ആധാർ ഇനി വാട്ട്സ്ആപ്പിലും: ഡൗൺലോഡ് ചെയ്യാൻ ഇനി മിനിറ്റുകൾ മതി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ന്യൂഡൽഹി: ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇനി കഫേകളോ യുഐഡിഎഐ (UIDAI) വെബ്സൈറ്റോ തേടി അലയേണ്ടതില്ല. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ വാട്ട്സ്ആപ്പ് വഴി തന്നെ ഇനി ആധാർ കാർഡ് നേരിട്ട് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര സർക്കാരിന്റെ ‘മൈഗവ് ഹെൽപ്പ് ഡെസ്ക്’ (MyGov Helpdesk) ചാറ്റ്ബോട്ട് വഴിയാണ് പുതിയ സേവനം ലഭ്യമാകുന്നത്.
നേരത്തെ ഒടിപിക്കായി കാത്തുനിന്നും വെബ്സൈറ്റിലെ സങ്കീർണ്ണമായ നടപടികളിലൂടെയും കടന്നുപോയിരുന്ന പ്രക്രിയയാണ് ഇതോടെ ലളിതമായിരിക്കുന്നത്. ഡിജിലോക്കർ (Digilocker) അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആർക്കും സേവനം പ്രയോജനപ്പെടുത്താം.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- നിങ്ങളുടെ മൊബൈൽ ഫോണിലെ കോൺടാക്റ്റുകളിൽ +919013151515 എന്ന നമ്പർ സേവ് ചെയ്യുക.
- വാട്ട്സ്ആപ്പ് ആപ്ലിക്കേഷൻ തുറന്ന് ഈ നമ്പറിലേക്ക് ‘ഹായ്’ അല്ലെങ്കിൽ ‘നമസ്തേ’ എന്ന് അയയ്ക്കുക.
- ചാറ്റ്ബോട്ട് ഡിജിലോക്കർ സേവനങ്ങളുടെ മെനു പ്രദർശിപ്പിക്കും. ‘ഡിജിലോക്കർ’ തിരഞ്ഞെടുക്കുക.
- ഡിജിലോക്കറിൽ ഒരു അക്കൗണ്ട് നിർമിക്കാൻ conformation ആവശ്യപ്പെടും.
- നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് വിജയകരമായി നിർമിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ 12 അക്ക ആധാർ തിരിച്ചറിയൽ നമ്പർ നൽകേണ്ടതുണ്ട്.
- നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് SMS വഴി ഒരു OTP (വൺ ടൈം പാസ്വേഡ്) ലഭിക്കും. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ ഈ OTP ആവശ്യമാണ്.
- വെരിഫിക്കേഷന് ശേഷം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ലിസ്റ്റ് ദൃശ്യമാകും. അത് PDF ഫയൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ ‘ആധാർ’ തിരഞ്ഞെടുക്കുക, അപ്പോൾ അത് നിങ്ങളുടെ വാട്ട്സ്ആപ്പ് ആപ്ലിക്കേഷനിൽ നേരിട്ട് സേവ് ചെയ്യപ്പെടും.
ഈ സേവനം വഴി ഒരു സമയം ഒരു പിഡിഎഫ് അല്ലെങ്കിൽ ഡോക്യുമെന്റ് മാത്രമേ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. വാട്ട്സ്ആപ്പ് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ നമ്പർ ഡിജിലോക്കറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.