അദാനി ഇനി വിമാനവും നിര്‍മിക്കും; ബ്രസീല്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Commercial Fixed-Wing Planes) നിര്‍മിക്കാന്‍ അദാനി നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസും ബ്രസീലിയന്‍ വിമാന നിര്‍മാണ ഭീമന്മാരായ എംബ്രയറും (Embraer) തമ്മില്‍ ധാരണയിലെത്തിയതായാണ് വിവരം. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ യാത്രാവിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഈ നീക്കം ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതാണ്.
നിലവില്‍ സൈനികാവശ്യങ്ങള്‍ക്കുള്ള ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കിലും, സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന ഫിക്സഡ് വിങ്(fixed-wing) യാത്രാവിമാനങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ നടന്നിരുന്നില്ല. ഈ വിടവ് നികത്താനാണ് അദാനി-എംബ്രയര്‍ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. പ്രാദേശിക റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമായ ‘റീജ്യണല്‍ ജെറ്റുകള്‍’ നിര്‍മിക്കാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്. എംബ്രയറിന്റെ പ്രശസ്തമായ E2 ഫാമിലി വിമാനങ്ങള്‍ (E190-E2, E195-E2) ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ യാത്രാവിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഇതോടെ ഇന്ത്യയും പ്രവേശിക്കും. നിലവില്‍ അമേരിക്ക (ബോയിങ്), യൂറോപ്പ് (എയര്‍ബസ്), ബ്രസീല്‍ (എംബ്രയര്‍), ചൈന (കോമാക്) തുടങ്ങിയ ഇടങ്ങളില്‍ മാത്രമാണ് ഇത്തരം നിര്‍മാണങ്ങള്‍ വ്യാപകമായി നടക്കുന്നത്.
ഇന്ത്യയിലെ ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ഉഡാന്‍’ പദ്ധതിക്ക് ഇത്തരം ചെറിയ വിമാനങ്ങള്‍ അത്യാവശ്യമാണ്. വലിയ ബോയിങ്, എയര്‍ബസ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത വിമാനത്താവളങ്ങളില്‍ എംബ്രയര്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകും. നിലവില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ വിമാനങ്ങള്‍ക്കായി പൂര്‍ണമായും വിദേശ കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം തുടങ്ങുന്നതോടെ തെലവ് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനും സാധിക്കും.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയുടേത്. അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ആയിരക്കണക്കിന് പുതിയ വിമാനങ്ങള്‍ ആവശ്യമായി വരും. ഇതില്‍ ഗണ്യമായൊരു ഭാഗം ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജ്യണല്‍ ജെറ്റുകളായിരിക്കും. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് അദാനി ഗ്രൂപ്പ് എംബ്രയറുമായി കൈകോര്‍ക്കുന്നത്.
എംബ്രയറിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നത് ഏഷ്യന്‍ വിപണിയില്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബോയിങ്ങിനും എയര്‍ബസിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, ചെലവ് കുറഞ്ഞതും കാര്യക്ഷമത കൂടിയതുമായ വിമാനങ്ങള്‍ നിര്‍മിക്കാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും, സാങ്കേതിക വിദ്യയുടെ കൈമാറ്റം വഴി ഇന്ത്യയുടെ എയ്റോസ്പേസ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.