27/01/2026

കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർക്ക് വിമാനയാത്ര അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

 കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർക്ക് വിമാനയാത്ര അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

വിമാനയാത്ര മിക്കവർക്കും സുഖകരമായ അനുഭവമാണെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദം (Hypotension) ഉള്ളവർക്ക് ചിലപ്പോൾ വെല്ലുവിളിയായേക്കാം. ക്യാബിനിലെ മർദ്ദവ്യത്യാസവും നിർജ്ജലീകരണവുമാണ് പ്രധാനമായും വില്ലനാകുന്നത്. സാധാരണയായി 90/60 mmHg-Â താഴെ രക്തസമ്മർദ്ദമുള്ള അവസ്ഥയെയാണ് ഹൈപ്പോടെൻഷൻ എന്ന് വിളിക്കുന്നത്.

എന്തുകൊണ്ട് വിമാനയാത്ര വെല്ലുവിളിയാകുന്നു?

വിമാനത്തിനുള്ളിലെ ക്യാബിൻ മർദ്ദം ഓക്‌സിജന്റെ അളവിൽ നേരിയ കുറവുണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാൻ ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നു. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരിൽ ഇത് തലകറക്കം, ഓക്കാനം എന്നിവയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ വിമാനത്തിനുള്ളിലെ വായുവിൽ ഈർപ്പം കുറവായതിനാൽ നിർജ്ജലീകരണം സംഭവിക്കാനും അതുവഴി രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിക്കാനും ഇടയാക്കും. ദീർഘനേരം ഒരേ ഇരിപ്പിരിക്കുന്നത് കാലുകളിൽ രക്തം കെട്ടിക്കിടക്കാനും പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം പെട്ടെന്ന് താഴാനും കാരണമാകും.

മുൻകരുതലുകൾ എടുക്കാൻ ചെയ്യേണ്ടത്

ജലാംശം നിലനിർത്തുക: യാത്രയ്ക്ക് മുൻപും യാത്രയിലുടനീളവും ധാരാളം വെള്ളം കുടിക്കുക. മദ്യവും കഫീനും ഒഴിവാക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

ഭക്ഷണം: ഉപ്പിട്ട ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ പാനീയങ്ങൾ കരുതുന്നത് രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കും.

വസ്ത്രധാരണവും ചലനവും: കാലുകളിലെ രക്തയോട്ടം സുഗമമാക്കാൻ കംപ്രഷൻ സോക്‌സുകൾ ധരിക്കാവുന്നതാണ്. ഇടയ്ക്കിടെ സീറ്റിൽ ഇരുന്ന് തന്നെ കാലുകൾ ചലിപ്പിക്കുകയും ചെറിയ നടത്തം ശീലിക്കുകയും ചെയ്യുക.

യാത്രയ്ക്ക് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

Also read: