വെള്ളം കുടി കുറവാണോ?സൂക്ഷിക്കുക, പണിതരും വൃക്കയിലെ കല്ലുകൾ; ലക്ഷണങ്ങളും ചികിത്സയും അറിയാം
മലയാളികൾക്കിടയിൽ ഇന്ന് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘കിഡ്‌നി സ്റ്റോൺ’ അഥവാ മൂത്രത്തിൽ കല്ല്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും വെള്ളം കുടിക്കുന്നതിലെ കുറവുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ കഠിനമായ വേദനയിലേക്കും വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്നതിലേക്കും ഇത് നയിച്ചേക്കാം.
ക്ലീവ്‌ലാൻഡ് ക്ലിനിക്, മായോ ക്ലിനിക് തുടങ്ങിയ ആഗോള ആരോഗ്യസ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയ വിവരങ്ങൾ ഇതാ:
വേദന തിരിച്ചറിയാം വൃക്കയിലുണ്ടാകുന്ന കല്ലുകൾ മൂത്രനാളിയിലേക്ക് നീങ്ങുമ്പോഴാണ് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.
വാരിയെല്ലുകൾക്ക് താഴെ വശങ്ങളിലും പുറകിലും അനുഭവപ്പെടുന്ന അതിശക്തമായ വേദന.
അടിവയറ്റിലേക്കും തുടയിടുക്കുകളിലേക്കും പടരുന്ന വേദന.
മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, മൂത്രത്തിന് നിറം മാറ്റം (ചുവപ്പ് അല്ലെങ്കിൽ തവിട്ട്).
ഛർദ്ദി, അണുബാധയുണ്ടെങ്കിൽ പനി.
എന്തുകൊണ്ട് വരുന്നു?
ശരീരത്തിൽ ജലാംശം കുറയുന്നതാണ് കല്ലുകൾ രൂപപ്പെടാനുള്ള പ്രധാന കാരണം. ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോൾ മൂത്രത്തിലെ ലവണങ്ങൾ പരലുകളായി മാറുകയും കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇറച്ചി, ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം, അമിതവണ്ണം, പാരമ്പര്യം എന്നിവയും വില്ലനാകാറുണ്ട്.
ചികിത്സാരീതികൾ
രോഗനിർണ്ണയത്തിനായി രക്ത-മൂത്ര പരിശോധനകളും അൾട്രാസൗണ്ട് അല്ലെങ്കിൽ സി.ടി സ്കാനിംഗും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കല്ലിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
ചെറിയ കല്ലുകൾ: ഇവ ശസ്ത്രക്രിയ കൂടാതെ തന്നെ പുറന്തള്ളാം. ഇതിനായി ദിവസവും 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കാനും വേദനസംഹാരികൾ കഴിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
വലിയ കല്ലുകൾ: തനിയെ പോകാത്ത കല്ലുകൾക്ക് ആധുനിക ചികിത്സകൾ ലഭ്യമാണ്.
ലിത്തോട്രിപ്‌സി (ESWL): ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കല്ല് പൊടിച്ച് കളയുന്ന രീതി.
യുറീറ്ററോസ്‌കോപ്പി: മൂത്രനാളിയിലൂടെ ട്യൂബ് കടത്തിവിട്ട് ലേസർ ഉപയോഗിച്ച് കല്ല് നീക്കം ചെയ്യുന്നു.
പി.സി.എൻ.എൽ (PCNL): വലിയ കല്ലുകൾക്ക് പുറംഭാഗത്ത് ചെറിയ തുളയുണ്ടാക്കി ചെയ്യുന്ന കീഹോൾ ശസ്ത്രക്രിയ.
പ്രതിരോധം അടുക്കളയിൽ നിന്ന്
ഒരിക്കൽ കല്ല് വന്നവർക്ക് അത് വീണ്ടും വരാനുള്ള സാധ്യത 50 ശതമാനത്തോളമാണ്. അതിനാൽ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
ദിവസവും കുറഞ്ഞത് 2.5 ലിറ്റർ വെള്ളം കുടിക്കുക.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കർശനമായി കുറയ്ക്കുക.
നാരങ്ങാവെള്ളം ശീലമാക്കുക (ഇതിലെ സിട്രേറ്റ് കല്ല് രൂപപ്പെടുന്നത് തടയും).
ചീര, നട്സ് തുടങ്ങിയ ഓക്സലേറ്റ് കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക.
കഠിനമായ വേദനയോ മൂത്രതടസ്സമോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ വൈദ്യസ സഹായം തേടേണ്ടതാണ്.