21/07/2026
[fontresizer_tawhidurrahmandear_widget]

തിരക്കുകൾ കാരണം മൂത്രമൊഴിക്കുന്നത് പിടിച്ചുനിർത്താറുണ്ടോ? ഈ രോഗങ്ങൾക്ക് കാരണമാകും

 തിരക്കുകൾ കാരണം മൂത്രമൊഴിക്കുന്നത് പിടിച്ചുനിർത്താറുണ്ടോ? ഈ രോഗങ്ങൾക്ക് കാരണമാകും

ഓഫീസിലെ തിരക്കുകൾ കാരണമോ, യാത്രാവേളകളിലോ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താറുണ്ടോ? നമ്മളിൽ പലരും നിസാരമെന്ന് കരുതുന്ന ഈ ശീലം കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂറോളജി വിദഗ്ദർ. ഇടയ്‌ക്കൊക്കെ അടിയന്തിര സാഹചര്യങ്ങളിൽ മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നത് വലിയ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും, ഇതൊരു സ്ഥിരം ശീലമാക്കുന്നത് ദീർഘകാലത്തേക്ക് മാറാത്ത പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.

നമ്മുടെ ശരീരത്തിലെ മൂത്രസഞ്ചി നിറഞ്ഞുവരുമ്പോൾ, അത് ഒഴിച്ചുകളയാനുള്ള സിഗ്‌നലുകൾ മൂത്രസഞ്ചിയുടെ ഭിത്തികളിലെ റിസപ്റ്ററുകൾ വഴി തലച്ചോറിലേക്ക് കൃത്യമായി എത്താറുണ്ട്. ഇതാണ് നമുക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുന്നത്. എന്നാൽ ഈ സ്വാഭാവിക സിഗ്‌നലുകൾ നിരന്തരം അവഗണിക്കുമ്പോൾ, കൂടുതൽ അളവിൽ മൂത്രം സംഭരിക്കാൻ മൂത്രസഞ്ചി നിർബന്ധിതമാവുന്നു. ഇത് നാഡീവ്യൂഹത്തിന്റെ സ്വാഭാവികമായ പ്രവർത്തനരീതിയെയും സിഗ്‌നലിംഗ് വ്യവസ്ഥയെയും തകിടം മറിക്കും. കാലക്രമേണ, മൂത്രസഞ്ചി എപ്പോൾ നിറഞ്ഞുവെന്നത് കൃത്യമായി തിരിച്ചറിയാൻ തലച്ചോറിന് കഴിയാതെ വരുന്ന അവസ്ഥയുണ്ടാകാം.

ഇങ്ങനെ പതിവായി മൂത്രമൊഴിക്കാതെ മണിക്കൂറുകളോളം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിയിലെ പേശികൾ അമിതമായി വലിയുന്നതിനും കാരണമാകുന്നു. റബ്ബർ ബാൻഡ് അമിതമായി വലിച്ച് നീട്ടിയാൽ അതിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് പോലെ, ബ്ലാഡർ പേശികൾക്കും ബലക്ഷയം സംഭവിക്കുന്നു. പേശികൾ ദുർബലമാകുന്നതോടെ, മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രം പൂർണ്ണമായി പുറന്തള്ളാൻ ബ്ലാഡറിന് കഴിയാതെ വരുന്നു. ബ്ലാഡറിനുള്ളിൽ എപ്പോഴും കുറഞ്ഞ അളവിൽ മൂത്രം കെട്ടിക്കിടക്കുന്നത് ബാക്ടീരിയകൾ അതിവേഗം വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കും. ഇത് അടിക്കടിയുള്ള മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണമായി മാറുന്നു. അണുബാധകൾ ആവർത്തിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാം.

കൂടാതെ, ഇടക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്ന തോന്നൽ ‘ഓവർആക്ടീവ് ബ്ലാഡർ’ എന്ന അസ്വസ്ഥതയിലേക്കും ഇത് നയിക്കാം. രാത്രിയിൽ അടിക്കടി മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ട ാഹചര്യവും ഇതുമൂലം ഉണ്ടാകാം. ചില സാഹചര്യങ്ങളിൽ, ബാത്‌റൂമിൽ എത്തുന്നതിന് മുൻപ് തന്നെ മൂത്രം ഒട്ടും നിയന്ത്രിക്കാനാവാതെ സ്വയം ലീക്കാകുന്ന അവസ്ഥയും വ്യക്തികൾ നേരിടേണ്ടി വരാറുണ്ട്. മൂത്രം പുറത്തുപോകാതിരിക്കാൻ വേണ്ടി അടിവയറ്റിലെയും പെൽവിക് ഫ്‌ലോറിലെയും പേശികൾ അനാവശ്യമായി മുറുക്കിപ്പിടിക്കുന്നത് പേശികളുടെ അമിത പ്രവർത്തനത്തിനും വിട്ടുമാറാത്ത വേദനയ്ക്കും വഴിവെക്കും.

പലരും ജോലിസ്ഥലങ്ങളിലും മറ്റും ബാത്‌റൂമിൽ പോകുന്നത് ഒഴിവാക്കാൻ വേണ്ടി പകൽ സമയങ്ങളിൽ വെള്ളം കുടിക്കുന്നത് ബോധപൂർവ്വം കുറയ്ക്കാറുണ്ട്. എന്നാൽ ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത വർദ്ധിക്കുകയും, ഇത് ബ്ലാഡറിന്റെ ഉൾഭിത്തികളിൽ കടുത്ത അസ്വസ്ഥതയും അണുബാധയ്ക്കുള്ള സാധ്യതയും ഇരട്ടിയാക്കുകയും ചെയ്യുന്നു.

കൃത്യസമയത്ത് മൂത്രമൊഴിക്കുക, ശരീരത്തിന് ആവശ്യമായ വെള്ളം കൃത്യമായ അളവിൽ കുടിക്കുക, കാപ്പി, ചായ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ലളിതമായ ശീലങ്ങളിലൂടെ ഈ പ്രശ്‌നങ്ങൾ വലിയൊരു പരിധി വരെ തടയാനാകും. മൂത്രമൊഴിക്കുമ്പോൾ വേദന, വിട്ടുമാറാത്ത അണുബാധ, മൂത്രം പൂർണ്ണമായി പോകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ എത്രയും വേഗം ഒരു യൂറോളജിസ്റ്റിന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്.

Also read: