21/07/2026
[fontresizer_tawhidurrahmandear_widget]

ആഴ്ചയിൽ അഞ്ച് ദിവസം ഇത് കഴിക്കുന്നത് അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കും

 ആഴ്ചയിൽ അഞ്ച് ദിവസം ഇത് കഴിക്കുന്നത് അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കും

പ്രായമായവരിൽ കൂടുതലായും കണ്ട് വരാറുള്ള അൽസ്ഹൈമേഴ്സ് (മറവിരോഗം) രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ ആഴ്ചയിൽ അഞ്ച് ദിവസം മുട്ട കഴിക്കുന്നത് സഹായിക്കുമെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ ലോമ ലിൻഡ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. 65 വയസ്സിന് മുകളിലുള്ള പ്രായമുള്ള 40,000-ഓളം ആളുകളിൽ പതിനഞ്ച് വർഷത്തിലേറെ കാലം നടത്തിയ വിശദമായ നിരീക്ഷണത്തിലൂടെയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതിലൂടെ ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവർക്ക് അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത ഇരുപത്തിയേഴ് ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.

മുട്ട പുഴുങ്ങിയോ വറുത്തോ അല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്തോ എങ്ങനെ കഴിച്ചാലും ഈ ഗുണം ലഭിക്കുമെന്നതാണ് പ്രത്യേകത. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകമാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നത്. ഇത് ഓർമ്മശക്തിയെയും ചിന്താശേഷിയെയും നിയന്ത്രിക്കുന്ന അസറ്റൈൽ കോളിൻ എന്ന രാസപദാർത്ഥത്തിന്റെ ഉത്പാദനത്തിന് അത്യാവശ്യമാണ്. ഇതിന് പുറമെ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ, സിയാക്‌സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും വീക്കവും തടയുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകളും ഫോസ്‌ഫോലിപ്പിഡുകളും തലച്ചോറിന്റെ കോശഘടനയെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്. എന്നിരുന്നാലും, വെറുമൊരു മുട്ട കഴിക്കൽ കൊണ്ടുമാത്രം അൽസ്ഹൈമേഴ്സ് പൂർണ്ണമായി തടയാനാകില്ലെന്നും, കൃത്യമായ വ്യായാമവും ആരോഗ്യകരമായ മറ്റ് ഭക്ഷണശീലങ്ങളും ഇതിനൊപ്പം കൊണ്ടുപോകണമെന്നും ഗവേഷകർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Also read: