ആന്റണി രാജുവിന് ഇരട്ട പ്രഹരം: എംഎൽഎ സ്ഥാനം തെറിച്ചതിന് പിന്നാലെ അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ ബാർ കൗൺസിൽ
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ബാർ കൗൺസിൽ നടപടിയെടുക്കുന്നു. അഭിഭാഷക ജോലിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിനായി സ്വമേധയാ കേസെടുക്കാനാണ് ബാർ കൗൺസിൽ തീരുമാനം. അടുത്ത കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
കേസിലെ വിധിക്ക് പിന്നാലെ തുടർനടപടികൾക്കായി ബാർ കൗൺസിൽ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകും. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച നടപടി അതീവ ഗുരുതരമാണെന്നും അഭിഭാഷക സമൂഹത്തിന് ഇത് നാണക്കേടാണെന്നും ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ് അജിത് പ്രതികരിച്ചു. ലഹരിക്കേസിലെ വിദേശിയായ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ വിവിധ വകുപ്പുകളിലായി തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
19 വർഷത്തെ നിയമപോരാട്ടം
1990ൽ നടന്ന സംഭവത്തിൽ 2005ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസ് അട്ടിമറിക്കാൻ നിരവധി നീക്കങ്ങൾ നടന്നുവെങ്കിലും മുൻ ഐജി ടി.പി സെൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ തെളിവുകൾ ശേഖരിച്ചു. ലഹരിക്കേസിലെ പ്രതിയായ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് പുറത്തെടുത്ത് വെട്ടി ചെറുതാക്കിയെന്നാണ് കണ്ടെത്തൽ. ഈ കൃത്രിമം കാരണം ഹൈക്കോടതി അന്ന് പ്രതിയെ വെറുതെ വിട്ടിരുന്നു.
അയോഗ്യതയും രാഷ്ട്രീയ പ്രത്യാഘാതവും
രണ്ട് വർഷത്തിലധികം തടവ് ശിക്ഷ വിധിക്കപ്പെട്ടതോടെ ആന്റണി രാജു എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനായിരിക്കുകയാണ്. കോടതി വിധി വന്നതോടെ അദ്ദേഹത്തിന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും നിയമതടസ്സമുണ്ട്. മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ആന്റണി രാജു ഉടൻ തന്നെ അപ്പീൽ നൽകുമെന്നാണ് സൂചന. എന്നാൽ ശിക്ഷാ വിധിക്ക് സ്റ്റേ ലഭിച്ചാലും അയോഗ്യത നീങ്ങാൻ പ്രയാസമായിരിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുത്.