സജി ചെറിയാന്റെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കു വെള്ളം’ പോലെ; ലീഗിന്റെ മതേതരത്വത്തിന് തെളിവ് താന്‍ ഇരിക്കുന്ന കസേര: എ.പി സ്മിജി
സജി ചെറിയാന്‍, അഡ്വ. എ.പി സ്മിജി
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സ്മിജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിതയാഥാര്‍ഥ്യമാണ് മുസ്‌ലിം ലീഗിന്റെ മതേതരത്വമെന്നും അവര്‍ പറഞ്ഞു.
സിപിഎമ്മിനെ ബാധിച്ചിട്ടുള്ള രോഗം ഇത്തരം ‘മുറിവൈദ്യം’ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് അടിമ മനസ്സിന്റെ കുഴപ്പമാണ്. മുസ്ലിം ലീഗിനെതിരായ വര്‍ഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണെന്നും സ്മിജി പരിഹസിച്ചു.
മുസ്ലിം ലീഗിന്റെ മതേതരത്വം വെറും വാക്കല്ലെന്നും അത് തലമുറകളിലൂടെ തങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ ജനറല്‍ സീറ്റായ വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്നുകൊണ്ടാണ് താന്‍ ഇത് പറയുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക കണ്ണട വെച്ച് നോക്കിയാല്‍ ഈ സത്യം ബോധ്യപ്പെടുമെന്നും അവര്‍ മന്ത്രിക്കു മറുപടി നല്‍കി.
മന്ത്രിയുടെ വാക്കുകള്‍ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ‘ഓത്തിച്ചാലിലെ അഴുക്കു വെള്ളം’ പോലെയാണ്. അത് ഒഴുകിപ്പോകും, ആരും ഗൗനിക്കില്ല. ആ അഴുക്കു വെള്ളം ഒഴുകിപ്പോയ മന്ത്രിയുടെ ഹൃദയമാണ് ശുദ്ധീകരിക്കേണ്ടത്. ഇല്ലെങ്കില്‍ വൈകാതെ മതേതര കേരളം മന്ത്രിക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരുമെന്നും സ്മിജി മുന്നറിയിപ്പ് നല്‍കി.