വംശനാശഭീഷണി മറികടന്ന് ഏഷ്യൻ ഹൂബാറകൾ തിരിച്ചെത്തുന്നു; സൗദിയിൽ വിജയകരമായി ‘റീവൈൽഡിംഗ്’ ദൗത്യം
റിയാദ്: സൗദി അറേബ്യയുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നിർണായക ചുവടുവെപ്പുമായി ‘റീവൈൽഡ് അറേബ്യ’ ദൗത്യം. ഏകദേശം 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൂബാറ ബസ്റ്റാർഡ് പക്ഷികളെ തബൂക്കിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലേക്ക് വിജയകരമായി തിരിച്ചെത്തിച്ചു. നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫും ഹൂബാറ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി 20 പക്ഷികളെയാണ് തനത് ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്.
വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ പക്ഷികൾക്ക് അറേബ്യൻ ഫാൽക്കൺറി സംസ്‌കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. 2021ൽ യുനെസ്‌കോ ഹൂബാറകളെ സാംസ്‌കാരിക പൈതൃകമായി അംഗീകരിച്ചിരുന്നു. പക്ഷികളുടെ അതിജീവനം ഉറപ്പാക്കാൻ പത്തെണ്ണത്തിൽ സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ വരുംകാലത്തെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകും.
സൗദിയിലെ ജൈവവൈവിധ്യത്തിന്റെ 50 ശതമാനത്തിലധികം ഉൾക്കൊള്ളുന്ന പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ പുനരവതരിപ്പിക്കപ്പെടുന്ന 13ാമത്തെ ജീവിവർഗമാണ് ഏഷ്യൻ ഹൂബാറ. വന്യജീവികളുടെ സ്വാഭാവിക പ്രജനനം ഉറപ്പാക്കി അവയെ കാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള സൗദി അറേബ്യയുടെ ദീർഘകാല നയതന്ത്രത്തിന്റെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.