‘അടുത്ത ആക്രമണം പള്ളിക്കകത്ത് ആകും; വിഎച്ച്പി-ബജ്‌റങ്ദള്‍ മതഭ്രാന്തന്മാരെ നിയന്ത്രിക്കണം’; വിമര്‍ശനവുമായി കാതോലിക്കാ ബാവ
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ
കോട്ടയം: ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആര്‍.എസ്.എസിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്തും (VHP) ബജ്‌റംഗ്ദളും ക്രൈസ്തവരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നു എന്നത് വാസ്തവമാണെന്ന് കാതോലിക്കാ ബാവ തുറന്നടിച്ചു. കന്യാസ്ത്രീകള്‍ക്ക് നേരെ തുടങ്ങിയ ആക്രമണം ഇപ്പോള്‍ വൈദികര്‍ക്ക് നേരെയായിരിക്കുന്നു. പള്ളികള്‍ക്ക് പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ പോലും അലങ്കോലപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് നാളെ പള്ളിക്കുള്ളിലേക്കുള്ള ആക്രമണമായി മാറിയേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
മതഭ്രാന്തന്മാരെ നിയന്ത്രിക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. ആര്‍ക്കും മതസ്വാതന്ത്ര്യം നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ ഭരണാധികാരികള്‍ ശബ്ദമുയര്‍ത്താതെയും അപലപിക്കാതെയും ഇരിക്കുന്നത്, ഇത് അവരുടെ കൂടി പദ്ധതിയുടെ ഭാഗമാണെന്ന സംശയം ക്രൈസ്തവരില്‍ ജനിപ്പിക്കുന്നു. അക്രമങ്ങളെ അപലപിക്കുന്നില്ലെങ്കില്‍ നിശ്ശബ്ദമായി അതിനെ അംഗീകരിക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാതോലിക്കാ ബാവ കൂട്ടിചേര്‍ത്തു.
വിദേശമതം ഇന്ത്യയില്‍ വേണ്ടെന്ന അക്രമികളുടെ നിലപാടിനെയും ബാവ വിമര്‍ശിച്ചു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ‘അമേരിക്ക ഫോര്‍ അമേരിക്കന്‍സ്’ (അമേരിക്ക അമേരിക്കക്കാര്‍ക്ക്) എന്ന് പറയുന്നതിന് സമാനമായ പ്രചാരണമാണ് ഇവിടെയും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ രൂക്ഷവിമര്‍ശനം നടന്ന പ്രസംഗത്തിന് തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംഘവും കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഇത് നേരത്തെ നിശ്ചയിച്ച സന്ദര്‍ശനമായിരുന്നു എന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.