യുഎസ് ഭീഷണിയിലും കുലുങ്ങാതെ ഇന്ത്യ; ഇറാനിലെ ചബഹാര്‍ തുറമുഖം പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണികൾക്കിടയിലും ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ പദ്ധതി ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
ചബഹാർ തുറമുഖത്തിന് നിലവിൽ യുഎസ് നൽകിയിട്ടുള്ള ഉപരോധ ഇളവ് 2026 ഏപ്രിൽ വരെയാണ്. ഈ സമയപരിധിക്ക് ശേഷവും പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുഎസുമായി ഇന്ത്യ തീവ്രമായ ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഒക്ടോബർ 28ന് യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരിട്ടുള്ള സർക്കാർ ഇടപെടൽ കുറച്ചുകൊണ്ട് അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാനുള്ള സമീപനമാണ് കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ വികസനത്തിനായി പുതിയൊരു സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചേക്കും. തുറമുഖ വികസനത്തിനായി ഇന്ത്യ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. പുതിയ സംവിധാനം വരുന്നതോടെ ഇന്ത്യയുടെ ഔദ്യോഗിക ഇടപെടൽ കുറയ്ക്കാനും അതേസമയം പദ്ധതിയുടെ നിയന്ത്രണം നിലനിർത്താനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യൻ ചരക്കുകൾ എത്തിക്കാനുള്ള ഏക പ്രായോഗിക മാർഗമാണ് ചബഹാർ. അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ കേന്ദ്രബിന്ദുവായ ഈ തുറമുഖം വഴി ഇന്ത്യയുടെ വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. മുൻപ് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് എത്തിക്കാനും ഇറാനിലേക്ക് കീടനാശിനികൾ അയക്കാനും ഇന്ത്യ ഈ തുറമുഖം ഉപയോഗിച്ചിരുന്നു.