‘സൈലൻസർ ഘടിപ്പിച്ച തോക്ക്, ക്ലോസ്റേഞ്ചിൽ കാഞ്ചിവലിച്ചു; വെടിയുണ്ട ഇടനെഞ്ച് തുളച്ചുകയറിയിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞത് 10 മിനിറ്റ് കഴിഞ്ഞ്’| CJ Roy Death
സി.ജെ റോയ്
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. സൈലൻസർ ഘടിപ്പിച്ച തോക്കുപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വെടിയുതിർത്ത് മരിച്ചുവീണിട്ടും, തൊട്ടടുത്ത് പരിശോധന നടത്തിയിരുന്ന ഉദ്യോഗസ്ഥർ വിവരം അറിയാൻ പത്ത് മിനിറ്റോളം വൈകിയെന്നാണു പുറത്തുവരുന്ന വിവരം.
റോയിയുടെ ലൈസൻസുള്ള .25 എൻ.പി ബോർ പിസ്റ്റളാണ് മരണത്തിന് കാരണമായത്. ക്ലോസ്റേഞ്ചിൽനിന്നാണ് കാഞ്ചി വലിച്ചത്. വെടിയുണ്ട നെഞ്ചിന്റെ ഇടതുഭാഗത്തുകൂടി തുളച്ചുകയറി പുറകിലെത്തി തങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വെടിയേറ്റ ഭാഗത്ത് പേശികൾ ചിതറിപ്പോകാത്തത്, തോക്ക് ശരീരത്തോട് അങ്ങേയറ്റം ചേർത്തുപിടിച്ചാണ് വെടിയുതിർത്തതെന്നതിന്റെ തെളിവായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സംഭവസ്ഥലത്ത് നിന്ന് ഒരു വെടിയുണ്ട മാത്രമാണ് ഉതിർത്തതെന്നും മറ്റ് ഡിസ്ചാർജ് മാർക്കുകളോ വെടിയുണ്ടകളോ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി തോക്ക് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
റെയ്ഡ് നടക്കുമ്പോഴും റോയിക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. പിസ്റ്റളും പ്രധാന രേഖകളും അടങ്ങിയ ബ്രീഫ്കേസ് എപ്പോഴും അദ്ദേഹം തന്നോട് ചേർത്തുപിടിക്കാറുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. അപൂർവമായി എപ്പോഴെങ്കിലും അത് എടുക്കാൻ മറന്നാൽ ഉടൻ തന്നെ അംഗരക്ഷകരെ അയച്ച് അത് വരുത്താറുണ്ടായിരുന്നുവത്രെ. ആദായനികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ സാധാരണ ജോലി ചെയ്യാൻ അനുവദിച്ചിരുന്നതിനാൽ ബ്രീഫ്കേസ് കൈവശം വയ്ക്കുന്നതിൽ തടസമുണ്ടായിരുന്നില്ല. എന്തോ രേഖയെടുക്കാനെന്ന് പറഞ്ഞ് മുറിയിൽ പോയതാണെന്നും ഐടി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതിനിടെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി റോയിയുടെ സഹോദരൻ സി.ജെ ബാബു രംഗത്തെത്തി. കേരളത്തിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ദിവസങ്ങളായി ബംഗളൂരുവിൽ പരിശോധന നടത്തുകയായിരുന്നു. അവരുടെ കടുത്ത സമ്മർദമാണ് റോയിയുടെ മരണത്തിന് കാരണം. സഹോദരന്റെ മരണത്തിന് പൂർണ ഉത്തരവാദികൾ ആ ഉദ്യോഗസ്ഥരാണെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
റോയിയെപ്പോലെ ഒരാൾക്ക് ഇങ്ങനെ ചെയ്യാനാകില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്. വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. ഒരിക്കൽ പോലും അദ്ദേഹം ദുർബലനായ ഒരു മനുഷ്യനായി തോന്നിയിട്ടില്ല. ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് റോയിയുടെ ഒരു സുഹൃത്ത് പ്രതികരിച്ചു.