02/03/2026
[fontresizer_tawhidurrahmandear_widget]

‘വെടിവച്ചത് ഉദ്യോഗസ്ഥർക്ക് മുന്നിൽ; മരിച്ചു വീണിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു’-ഗുരുതര ആരോപണവുമായി റോയിയുടെ കുടുംബം

 ‘വെടിവച്ചത് ഉദ്യോഗസ്ഥർക്ക് മുന്നിൽ; മരിച്ചു വീണിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു’-ഗുരുതര ആരോപണവുമായി റോയിയുടെ കുടുംബം

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്തതെന്നും, അദ്ദേഹം മരിച്ചുവീണിട്ടും ഉദ്യോഗസ്ഥർ നിർവികാരമായി റെയ്ഡ് തുടർന്നുവെന്നും കുടുംബം ആരോപിക്കുന്നു.

കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അമിതമായ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്നാണ് സഹോദരനടക്കമുള്ളവർ വ്യക്തമാക്കുന്നത്. ഐ.ടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.

റെയ്ഡിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി റോയ് മുറിയിലേക്ക് പോയപ്പോൾ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് അദ്ദേഹം കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിർത്തത്. എന്നാൽ, ചോരയിൽ കുളിച്ച് അദ്ദേഹം നിലത്തു വീണിട്ടും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിക്കാനോ രക്ഷാപ്രവർത്തനം നടത്താനോ തയ്യാറായില്ലെന്നും, പകരം റെയ്ഡ് നടപടികൾ തുടരുകയാണുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷവും ഓഫീസിൽ പരിശോധന തുടർന്ന നടപടി ക്രൂരമാണെന്നും ബന്ധുക്കൾ പറയുന്നു. ദിവസങ്ങളായി തുടർന്നിരുന്ന റെയ്ഡിൽ റോയ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.

അതേസമയം, റെയ്ഡ് നടക്കുന്ന സമയത്ത് റോയിയുടെ കൈവശം എങ്ങനെ തോക്ക് ലഭിച്ചു എന്നതിലും ദുരൂഹതയുണ്ട്. സാധാരണഗതിയിൽ പരിശോധന തുടങ്ങുമ്പോൾ തന്നെ ആയുധങ്ങൾ പിടിച്ചെടുക്കാറാണ് പതിവ്. ഇക്കാര്യത്തിൽ വീഴ്ച പറ്റിയോ എന്നതും അന്വേഷണവിധേയമാകും. സംഭവത്തിൽ ബംഗളൂരു പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Also read: