ദീപക്കിന്റെ മരണം: ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും.
ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് പകർത്തിയ വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് പ്രചരിപ്പിച്ചതെന്ന് സൈബർ പോലീസ് വിഭാഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഷിംജിതയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്റെ മരണത്തിന് ഉത്തരവാദി വീഡിയോ പ്രചരിപ്പിച്ചവരാണെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.