06/03/2026
[fontresizer_tawhidurrahmandear_widget]

വാടക നൽകാനാകാതെ ജയിലിലായവരെ മോചിപ്പിക്കും; കുടുംബങ്ങളെ ചേർത്തു പിടിച്ച് ദുബൈ ഭരണകൂടം- 10 മില്യൺ ദിർഹമിന്റെ വമ്പന്‍ പദ്ധതി

 വാടക നൽകാനാകാതെ ജയിലിലായവരെ മോചിപ്പിക്കും; കുടുംബങ്ങളെ ചേർത്തു പിടിച്ച് ദുബൈ ഭരണകൂടം- 10 മില്യൺ ദിർഹമിന്റെ വമ്പന്‍ പദ്ധതി

ദുബൈ: വാടക കുടിശ്ശിക മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ ദുബൈ ഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘സിത്ർ’ (Stir) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിനായി പത്ത് മില്യൺ ദിർഹമാണ് അനുവദിച്ചിരിക്കുന്നത്. യുഎഇയുടെ 2026 കുടുംബ വർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് വലിയ പ്രഖ്യാപനം.

ദുബൈ റെന്റൽ ഡിസ്പ്യൂട്ട് സെന്ററും (RDC) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലെ കുടുംബങ്ങളുടെ സുരക്ഷിതത്വവും സാമൂഹിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ.

നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം
വാടക തർക്കങ്ങളെത്തുടർന്ന് നിയമനടപടികൾ നേരിടുന്നവർക്കും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടവർക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പദ്ധതി. സിത്ർ പദ്ധതിയിലൂടെ താഴെ പറയുന്ന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്:

  • വാടക കുടിശ്ശികയെ തുടർന്ന് നിയമനടപടികൾ നേരിടുന്ന 111 കുടിയാന്മാരുടെ മോചനം.
  • കോടതിയിലുള്ള 187 എൻഫോഴ്‌സ്‌മെന്റ് കേസുകൾ തീർപ്പാക്കൽ.
  • അർഹരായ 232 കുടുംബങ്ങൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകൽ.

2026 വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ പദ്ധതി, വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തടവിലാക്കപ്പെട്ട വ്യക്തികളെ മോചിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും മുൻഗണന നൽകും.

വർദ്ധിച്ചുവരുന്ന വാടകയും വെല്ലുവിളികളും
കഴിഞ്ഞ നാല് വർഷമായി ദുബൈയിൽ വാടക നിരക്കുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് സാധാരണക്കാരായ താമസക്കാരുടെ ബജറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നത് പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിൽ സിത്ർ പോലുള്ള മാനുഷിക പദ്ധതികൾ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ തുണയാകും.

മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന
കേവലം ജുഡീഷ്യൽ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലുപരി, സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ദുബൈ റെന്റൽ ഡിസ്പ്യൂട്ട് സെന്റർ ചെയർമാൻ ജഡ്ജി അബ്ദുൾഖാദർ മൂസ മുഹമ്മദ് പറഞ്ഞു.

‘സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്കൊപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഈ സംരംഭത്തിലൂടെ കാരുണ്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ ഉറപ്പിക്കാൻ സാധിക്കും,’ അദ്ദേഹം വ്യക്തമാക്കി.

സഹായം അർഹരായവരിലേക്ക് മാത്രം
അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ സാമൂഹിക സാഹചര്യം, കുടിശ്ശികയുടെ അളവ്, വരുമാന സ്രോതസ്സുകൾ, മുൻകാലങ്ങളിൽ വാടക കൃത്യമായി അടച്ചിരുന്നോ എന്ന രേഖകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും സഹായം അനുവദിക്കുക. നടപടിക്രമങ്ങൾ പൂർണ്ണമായും സുതാര്യമായിരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

യുഎഇയുടെ മാനുഷിക മുഖമാണ് ഇത്തരം പദ്ധതികളിലൂടെ വെളിവാകുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് അംഗം സെയ്ഫ് ഒമർ അൽഡെലൈൽ അഭിപ്രായപ്പെട്ടു. കുടുംബങ്ങൾക്കിടയിൽ ഐക്യവും സ്ഥിരതയും ഉറപ്പാക്കാൻ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: