‘വാർദ്ധക്യം മാറ്റാം, മരണം ഒഴിവാക്കാം’; മനുഷ്യായുസ്സ് നീട്ടാമെന്ന് ഇലോൺ മസ്‌ക്
ന്യൂയോർക്ക്: മരണം വെറുമൊരു പ്രോഗ്രാമിങ് പിശകാണെന്ന് ഇലോൺ മസ്‌ക്. മനുഷ്യശരീരം പ്രായമാകുന്നതും മരിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ച ചില ജൈവ പ്രോഗ്രാമുകൾ മൂലമാണെന്നും, ഇവയിൽ മാറ്റം വരുത്തിയാൽ ആയുസ്സ് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പോഡ്കാസ്റ്റായ ‘മൂൺഷോട്ട്‌സി’ൽ പീറ്റർ ഡയമാൻഡിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വ ദൗത്യത്തിന് പിന്നാലെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്‌കിന്റെ നിരീക്ഷണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വാർദ്ധക്യം എന്നത് അത്ര സങ്കീർണ്ണമായ പ്രതിഭാസമല്ലെന്നും ശരിയായ ജൈവ ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണെന്നുമാണ് മസ്‌കിന്റെ പക്ഷം. ‘നമ്മുടെ ശരീരം ഒരൊറ്റ വാർദ്ധക്യ പരിപാടിയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ശരീരം മുഴുവൻ ഒരേപോലെയാണ് പ്രായമാകുന്നത്. ഒരാളുടെ ഇടതുകൈക്ക് പ്രായമാകുകയും വലതുകൈ ചെറുപ്പമായിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇതിനർത്ഥം ശരീരത്തെ മുഴുവൻ ഒരേപോലെ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന പ്രത്യേക സംവിധാനം നമുക്കുള്ളിലുണ്ട് എന്നാണ്. ശരീരത്തിന്റെ ഈ ആന്തരിക ക്ലോക്ക് അങ്ങേയറ്റം വ്യക്തമാണ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രോഗ്രാമിൽ മാറ്റം വരുത്തിയാൽ നിങ്ങൾക്ക് ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും’ മസ്‌ക് വിശദീകരിച്ചു.
വൈദ്യശാസ്ത്രരംഗത്ത് വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും മസ്‌ക് മനസ്സ് തുറന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ശസ്ത്രക്രിയാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രവചിക്കുന്നുണ്ട്. ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’ പോലുള്ള റോബോട്ടുകൾക്ക് മനുഷ്യനേക്കാൾ കൃത്യതയോടെയും തെറ്റുകളില്ലാതെയും ശസ്ത്രക്രിയകൾ ചെയ്യാനാകും. കമ്പ്യൂട്ടർ നിയന്ത്രിത ലേസർ ഉപയോഗിച്ച് കാഴ്ചശക്തി വീണ്ടെടുക്കുന്ന ലാസിക് സർജറികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭാവിയിൽ മികച്ച വൈദ്യസഹായം സാധാരണക്കാർക്കും ലഭ്യമാകുമെന്നും കൂട്ടിച്ചേർത്തു.
മസ്‌കിന് പുറമെ സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ പ്രമുഖരും ദീർഘായുസ്സ് ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങളിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ‘റെട്രോ ബയോസയൻസസ്’ എന്ന സ്റ്റാർട്ടപ്പിൽ 180 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ബ്രയാൻ ജോൺസനാകട്ടെ, തന്റെ ജൈവിക പ്രായം കുറയ്ക്കുന്നതിനായുള്ള ‘ബ്ലൂപ്രിന്റ്’ എന്ന പദ്ധതിക്കായി വലിയ തുക ചിലവഴിക്കുന്നുണ്ട്. കടുത്ത ഭക്ഷണക്രമം, ഉറക്ക ട്രാക്കിങ് എന്നിവയിലൂടെ തന്റെ അവയവങ്ങളെ ചെറുപ്പമാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എങ്കിലും, അമിതമായ ആയുർദൈർഘ്യം സമൂഹത്തിന് ഗുണകരമാകുമോ എന്ന കാര്യത്തിൽ മസ്‌കിന് ആശങ്കയുണ്ട്. സാങ്കേതികമായി മരണം എന്നത് പരിഹരിക്കാൻ സാധിക്കുന്ന പ്രശ്‌നം മാത്രമായാണ് അദ്ദേഹം ഇപ്പോഴും കാണുന്നത്.