29/03/2026
[fontresizer_tawhidurrahmandear_widget]

മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമെന്ത്? പരിണാമ രഹസ്യം പുറത്ത്! വരുന്നൂ, കഷണ്ടിക്കും മരുന്ന്

 മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമെന്ത്? പരിണാമ രഹസ്യം പുറത്ത്! വരുന്നൂ, കഷണ്ടിക്കും മരുന്ന്

വാഷിംഗ്ടൺ: പരിണാമ പ്രക്രിയയിൽ മനുഷ്യശരീരത്തിലെ രോമങ്ങൾ എങ്ങനെ നഷ്ടപ്പെട്ടു എന്ന ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്രലോകം. മനുഷ്യരിൽ രോമവളർച്ച നിലയ്ക്കാൻ കാരണമായ ജനിതക ‘ഓഫ് സ്വിച്ചുകൾ’ (Genetic Off-Switches) ഗവേഷകർ തിരിച്ചറിഞ്ഞു. പ്രമുഖ ശാസ്ത്ര ജേണലായ ‘ഇലൈഫി’ലാണ് (eLife) വിപ്ലവകരമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനിതകപരമായി മനുഷ്യരോട് ഏറ്റവും അടുത്ത ചിമ്പാൻസികൾ കട്ടിയുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുമ്പോൾ മനുഷ്യർ മാത്രം എങ്ങനെ മിനുസമാർന്ന ചർമ്മമുള്ളവരായി എന്നതായിരുന്നു ഗവേഷകരെ കുഴപ്പിച്ചിരുന്ന പ്രധാന ചോദ്യം. 62 സസ്തനികളുടെ ജീനോമുകൾ താരതമ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന ഒരു വസ്തുത വെളിപ്പെട്ടതായാണ് കണ്ടെത്തൽ. രോമങ്ങൾ വളരാൻ ആവശ്യമായ എല്ലാ ജീനുകളും മനുഷ്യരിലും ഇപ്പോഴും നിലവിലുണ്ട്. എന്നാൽ, ഈ ജീനുകളെ പ്രവർത്തനക്ഷമമാക്കുന്ന തന്മാത്രാ സ്വിച്ചുകൾ (Molecular Switches) പരിണാമ പ്രക്രിയയിൽ എന്നോ ഓഫാക്കപ്പെടുകയായിരുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ഡോൾഫിനുകൾ, ആനകൾ തുടങ്ങിയ രോമമില്ലാത്ത മറ്റ് ജീവികളിലും സമാനമായ ജനിതക മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ‘നിശബ്ദ’ ജീനുകളെ വീണ്ടും സജീവമാക്കാൻ കഴിഞ്ഞാൽ, കഷണ്ടി, അലോപ്പീസിയ തുടങ്ങിയ മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾക്ക് ശാശ്വത ചികിത്സ കണ്ടെത്താൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നമ്മുടെ ഡിഎൻഎയിലെ ഈ നിഗൂഢമായ ‘നിശബ്ദ നിർദ്ദേശങ്ങളാണ്’ നമ്മെ ഭൂമിയിലെ ‘നഗ്‌നരായ കുരങ്ങൻ’ എന്ന പദവിയിലേക്ക് മാറ്റിയതെന്ന് പഠനം അടിവരയിടുന്നു.

Also read: