ഉറക്കത്തിൽ തലയ്ക്കുള്ളിൽ ‘സ്ഫോടന ശബ്ദം’ കേൾക്കാറുണ്ടോ? ‘എക്‌സ്‌പ്ലോഡിങ് ഹെഡ് സിൻഡ്രോം’; അറിയേണ്ടതെല്ലാം
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴോ, രാവിലെ ഉണരുന്നതിന് തൊട്ടുമുമ്പോ തലയ്ക്കുള്ളിൽ വലിയൊരു സ്ഫോടന ശബ്ദമോ ഇടിമുഴക്കമോ കേട്ട് നിങ്ങൾ ഞെട്ടി എഴുന്നേൽക്കാറുണ്ടോ? മറ്റാർക്കും കേൾക്കാനാവാത്ത ഈ ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങൾ കടന്നുപോകുന്നത് ‘എക്‌സ്‌പ്ലോഡിങ് ഹെഡ് സിൻഡ്രോം’ (Exploding Head Syndrome – EHS) എന്ന അവസ്ഥയിലൂടെയാകാം. പേര് കേൾക്കുമ്പോൾ വലിയ അപകടമാണെന്ന് തോന്നാമെങ്കിലും, ഇത് ശരീരത്തിന് ദോഷകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ലോകത്ത് ഏകദേശം 14 ശതമാനം ആളുകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അനുഭവം ഉണ്ടാകാറുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ?
ലക്ഷണങ്ങൾ തിരിച്ചറിയാം ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള സമയത്താണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.
വലിയ ശബ്ദത്തിലുള്ള വെടിയൊച്ച, വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം, പടക്കം പൊട്ടുന്നത്, ഇടിമുഴക്കം എന്നിവ തലയ്ക്കുള്ളിൽ കേൾക്കുക.
ചിലരിൽ ശബ്ദത്തോടൊപ്പം കണ്ണിനു മുന്നിൽ മിന്നൽ വെളിച്ചം കാണപ്പെടാം.
ശരീരത്തിലെ പേശികൾക്ക് പെട്ടെന്ന് വിറയലോ വലിവോ അനുഭവപ്പെടാം.
എന്തുകൊണ്ട് സംഭവിക്കുന്നു?
ശരീരം ഉറക്കത്തിലേക്ക് പോകുമ്പോൾ തലച്ചോറിലെ പ്രവർത്തനങ്ങൾ സാവധാനം ‘സ്വിച്ച് ഓഫ്’ ചെയ്യുന്ന പ്രക്രിയ നടക്കാറുണ്ട്. തലച്ചോറിലെ ‘റെറ്റിക്യുലാര്‍ ഫോര്‍മേഷന്‍’ (Reticular Formation) എന്ന ഭാഗത്താണ് ഇത് സംഭവിക്കുന്നത്. എന്നാൽ കടുത്ത മാനസിക സമ്മർദമോ ക്ഷീണമോ ഉള്ളപ്പോൾ ഈ സ്വിച്ച് ഓഫ് പ്രക്രിയയിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകുകയും, തലച്ചോറിലെ ന്യൂറോണുകൾ ഒരേസമയം ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് യഥാർത്ഥത്തിലില്ലാത്ത വലിയ ശബ്ദങ്ങൾ കേൾക്കുന്നതായി നമുക്ക് തോന്നാൻ കാരണം. ഇത് പക്ഷാഘാതമോ ട്യൂമറോ ആണെന്ന് കരുതി പലരും ഭയപ്പെടാറുണ്ടെങ്കിലും, വൈദ്യശാസ്ത്രപരമായി ഇതിൽ പേടിക്കാൻ ഒന്നുമില്ല.
പരിഹാരമാർഗങ്ങൾ ഈ അവസ്ഥയെ മരുന്നുകൾ ഇല്ലാതെ തന്നെ നിയന്ത്രിക്കാൻ സാധിക്കും:
നല്ല ഉറക്കം: ദിവസവും 7 മുതൽ 9 മണിക്കൂർ വരെ കൃത്യമായി ഉറങ്ങാൻ ശ്രദ്ധിക്കുക.
സ്ട്രെസ് കുറയ്ക്കുക: അമിത ഉത്കണ്ഠയും ക്ഷീണവുമാണ് പ്രധാന വില്ലൻ. യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക.
കിടപ്പ് രീതി: മലർന്നു കിടന്നുറങ്ങുന്നവരിൽ ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു. അതിനാൽ വശം തിരിഞ്ഞു കിടക്കാൻ ശ്രമിക്കുക.
മദ്യം ഒഴിവാക്കുക: മദ്യപാനവും ഉറക്കത്തിന് മുൻപുള്ള മൊബൈൽ ഫോൺ ഉപയോഗവും തലച്ചോറിന്റെ സ്വാഭാവിക ഉറക്കത്തെ ബാധിക്കും.
ഈ ശബ്ദങ്ങൾ കാരണം ഉറക്കം നഷ്ടപ്പെടുകയും കടുത്ത ഉത്കണ്ഠ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മാത്രം ഒരു സ്ലീപ്പ് സ്പെഷ്യലിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനെയോ കണ്ട് ഉപദേശം തേടുക.