ജപ്പാനിൽ എഫ്-35 യുദ്ധവിമാനം കാണാതായി; റഡാറിൽ നിന്നുള്ള സിഗ്നലുകൾ നിലച്ചു
ടോക്കിയോ: വടക്കൻ ജപ്പാനിൽ പറന്നുയർന്ന ലോക്ഹീഡ് മാർട്ടിൻ എഫ്-35എ ലൈറ്റ്നിംഗ് അഞ്ചാം തലമുറ യുദ്ധവിമാനം അടിയന്തര സാഹചര്യമുണ്ടെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പസഫിക് സമുദ്രത്തിന് മുകളിൽ വെച്ച് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിൽ നിന്നുള്ള അപായ സന്ദേശങ്ങളും ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളും അടിസ്ഥാനമാക്കി അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, വിമാനത്തിൽ നിന്ന് സ്ക്വാക് കോഡ് 7700 എന്ന സിഗ്നൽ പ്രക്ഷേപണം ചെയ്തിരുന്നു. വിമാനത്തിനുള്ളിൽ ഗുരുതരമായ അടിയന്തര സാഹചര്യം നേരിടുമ്പോൾ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന കോഡാണിത്. ജപ്പാനിലെ വടക്കൻ പ്രവിശ്യയായ അമോറിക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് പസഫിക് സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴാണ് സിഗ്നലുകൾ നിലച്ചത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഏകദേശം 12:09-ഓടെയാണ് വിമാനം റഡാറിൽ നിന്ന് മാഞ്ഞത്. അമേരിക്കൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് ഏത് യൂണിറ്റിന്റെ ഭാഗമാണെന്നോ പൈലറ്റിന്റെ നിലവിലെ അവസ്ഥയോ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
അമേരിക്കൻ സൈനിക വിഭാഗമോ ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സോ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ജപ്പാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇതുവരെ വിവരങ്ങൾ ചേർത്തിട്ടില്ല. വടക്കൻ ജപ്പാനിലെ മിസാവ വ്യോമതാവളം കേന്ദ്രീകരിച്ചാണ് ജപ്പാന്റെയും അമേരിക്കയുടെയും എഫ്-35 വിമാനങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ സാങ്കേതിക തകരാറുകൾ കാരണം എഫ്-35 വിമാനങ്ങൾ അമോറി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ സിഗ്നലുകൾ പൂർണ്ണമായും നിലച്ചതുകൊണ്ട് വിമാനം തകർന്നുവീഴാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. സംഭവസ്ഥലത്ത് തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൂചനയുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.