ട്രംപിനെ വിശ്വാസമില്ല; 1,236 ടൺ സ്വർണം തിരികെ ചോദിച്ച് ജർമനി
ബെർലിൻ: അമേരിക്കൻ ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന ജർമനിയുടെ വൻ സ്വർണശേഖരം അടിയന്തരമായി തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ നയങ്ങളും ഗ്രീൻലാൻഡിനെച്ചൊല്ലി യൂറോപ്പുമായി നിലനിൽക്കുന്ന തർക്കങ്ങളുമാണ് ജർമൻ നിയമനിർമ്മാതാക്കളെയും സാമ്പത്തിക വിദഗ്ധരെയും ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്.
നിലവിൽ ജർമനിയുടെ ആകെ സ്വർണശേഖരമായ 3,350 ടണ്ണിൽ 37 ശതമാനവും (ഏകദേശം 1,236 ടൺ) ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണുള്ളത്. എന്നാൽ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്ന സാഹചര്യത്തിൽ സ്വന്തം സ്വർണം വിദേശത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് മുൻ ബുണ്ടസ്ബാങ്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ട്രംപ് സ്വർണശേഖരത്തെ രാഷ്ട്രീയ സമ്മർദ്ദ തന്ത്രമായി ഉപയോഗിച്ചേക്കാമെന്ന ഭീതിയും ഇവർ പങ്കുവെക്കുന്നുണ്ട്.
സ്വർണശേഖരം നേരിട്ട് പരിശോധിക്കാൻ യുഎസ് അധികൃതർ ജർമൻ പ്രതിനിധികളെ അനുവദിക്കാത്തതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. 2012ൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാൽ, യുഎസ് ഇപ്പോഴും വിശ്വസനീയമായ പങ്കാളിയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജർമൻ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക നിലപാട്. എങ്കിലും ആഗോള സാമ്പത്തിക അസ്ഥിരത കണക്കിലെടുത്ത് സ്വർണം പൂർണ്ണമായും ഫ്രാങ്ക്ഫർട്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് ജനപിന്തുണ ഏറിവരികയാണ്.