ജർമനി വഴി യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇനി ‘ട്രാൻസിറ്റ് വിസ’ വേണ്ട
അഹമ്മദാബാദ്: ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ജർമനി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമനി വഴിയുള്ള യാത്രകളിൽ (Transit) ഇനി വിസ ആവശ്യമില്ല. ജർമനി ചാൻസലർ ഫ്രെഡറിക് മേഴ്സ് ആണ് അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ജർമൻ ചാൻസലറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് വിവിധ മേഖലകളിലായി 19 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ജർമനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല. ഇത് യാത്രാ നടപടികൾ എളുപ്പമാക്കും.
വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ‘നൈപുണ്യ പങ്കാളിത്ത’ കരാറിൽ ഒപ്പുവെച്ചു. ഇത് നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഐടി വിദഗ്ധർക്കും ജർമനിയിൽ കൂടുതൽ അവസരങ്ങൾ തുറക്കും.
പ്രതിരോധ മേഖലയിലെ വ്യാപാര നടപടികൾ ലളിതമാക്കാൻ തീരുമാനിച്ചു. പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹഉൽപ്പാദനത്തിനും വികസനത്തിനും പുതിയ വഴികൾ തുറക്കും.
വ്യാപാരം: ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം 50 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) വേഗത്തിലാക്കാനും ധാരണയായി.
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
പഹൽഗാമിലും ഡൽഹിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ ചർച്ചയിൽ അപലപിച്ചു. കൂടാതെ, ജർമൻ സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു.