ഗോവയിൽ ഇരട്ടക്കൊലപാതകം: രണ്ട് റഷ്യൻ യുവതികളെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ
പനജി: ഗോവയിൽ രണ്ട് റഷ്യൻ യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ പൗരൻ പിടിയിലായി. പെർനെം താലൂക്കിലെ അരാംബോളിൽ താമസിക്കുന്ന അലക്സി ലിയോനോവിനെ (37) ആണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ലിവ്-ഇൻ പങ്കാളിയായ എലീന കസ്തനോവ (37), ഇവരുടെ സുഹൃത്തായ എലീന വനീവ (37) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി അരാംബോളിലെ വാടക വീട്ടിൽ കസ്തനോവയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സുഹൃത്തായ എലീന വനീവയെയും താൻ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. തുടർന്ന് ലിയോനോവ് നൽകിയ വിവരമനുസരിച്ച് മോർജിമിന് സമീപത്തുനിന്നും രണ്ടാമത്തെ മൃതദേഹം പോലീസ് കണ്ടെടുത്തു.
കൊലപാതകത്തിന് മുൻപ് ലിയോനോവും കസ്തനോവയും തമ്മിൽ വാക്കേറ്റമുണ്ടായതായി സാക്ഷിമൊഴികളുണ്ട്. ബഹളം കേട്ടെത്തിയ അയൽക്കാർ നോക്കിനിൽക്കെ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസ് പിടികൂടിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് രണ്ട് കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (കൊലപാതകം), 126(2) (തടഞ്ഞുവെക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. 2024 മുതൽ ഗോവയിൽ താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട കസ്തനോവ. കൊലപാതകത്തിന് പിന്നിലെ വ്യക്തമായ ലക്ഷ്യം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.