28/03/2026
[fontresizer_tawhidurrahmandear_widget]

ദര്‍ഗയ്ക്ക് നേരെ ‘അമ്പെയ്ത്’ പ്രകോപനം; കടുത്ത നടപടിയുമായി കര്‍ണാടക പോലീസ്, ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂറിനെതിരെ കേസ്

 ദര്‍ഗയ്ക്ക് നേരെ ‘അമ്പെയ്ത്’ പ്രകോപനം; കടുത്ത നടപടിയുമായി കര്‍ണാടക പോലീസ്, ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂറിനെതിരെ കേസ്

ബംഗളൂരു: ബെലഗാവിയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന രീതിയില്‍ പ്രകോപനപരമായ ആംഗ്യം കാണിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക. മഹാരാഷ്ട്രയില്‍നിന്നുള്ള ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെലഗാവി നഗരപ്രാന്തത്തിലുള്ള പീറന്‍വാടിയിലെ സയ്യിദ് അന്‍സാരി ദര്‍ഗയ്ക്ക് മുന്നില്‍ വെച്ചാണ് വിവാദമായ സംഭവം അരങ്ങേറിയത്. മതവികാരം വ്രണപ്പെടുത്തിയതിനും വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിനും ബെലഗാവി റൂറല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മച്ചെ ഗ്രാമത്തില്‍ നടന്ന ‘അഖണ്ഡ ഹിന്ദു സമ്മേളന’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഘോഷയാത്ര പീറന്‍വാടിയിലൂടെ കടന്നുപോകുമ്പോള്‍, സയ്യിദ് അന്‍സാരി ദര്‍ഗയ്ക്ക് മുന്നിലെത്തിയപ്പോള്‍ തുറന്ന വാഹനത്തില്‍ നില്‍ക്കുകയായിരുന്ന ഹര്‍ഷിത താക്കൂര്‍ ദര്‍ഗയ്ക്ക് നേരെ തിരിയുകയും സാങ്കല്‍പ്പികമായി അമ്പെയ്യുന്ന രീതിയില്‍ ആവര്‍ത്തിച്ച് ആംഗ്യം കാണിക്കുകയുമായിരുന്നു. ഹര്‍ഷിത ഈ ആംഗ്യം കാണിക്കുമ്പോള്‍ വാഹനത്തിന് ചുറ്റുമുണ്ടായിരുന്ന അനുയായികള്‍ കൈയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ ഹര്‍ഷിത നടത്തിയ പ്രസംഗത്തിലും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പീറന്‍വാടി അന്‍സാരി ഗള്ളി നിവാസിയായ അബ്ദുല്‍ ഖാദര്‍ അബ്ദുള്‍ റഹ്മാന്‍ മുജാവര്‍ ആണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. റാലിയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും ദര്‍ഗയ്ക്ക് നേരെ നടത്തിയ ആംഗ്യവും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹര്‍ഷിത താക്കൂറിനെ കൂടാതെ, സംഘാടകരായ സുപ്രീത് ഷിംപി, ശ്രീകാന്ത് കാംബ്ലെ, ശിവാജി ഷാഹാപുര്‍ക്കര്‍, മല്ലപ്പ (ഇവര്‍ പീറന്‍വാടി സ്വദേശികള്‍), ഹുഞ്ചനട്ടി സ്വദേശികളായ ബിട്ടപ്പ തരിഹാല്‍, ഗംഗാറാം തരിഹാല്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെലഗാവി-ഖാനാപൂര്‍ റോഡിലൂടെ മച്ചെയിലേക്ക് നീങ്ങുകയായിരുന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഭവം പ്രദേശത്ത് നേരിയ തോതില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: