28/03/2026
[fontresizer_tawhidurrahmandear_widget]

2000 വിമാനങ്ങളെ വിഴുങ്ങിയത് അന്യഗ്രഹജീവികളോ? നെവാഡ ട്രയാംഗിളിലെ രഹസ്യം ഇതാ!

 2000 വിമാനങ്ങളെ വിഴുങ്ങിയത് അന്യഗ്രഹജീവികളോ? നെവാഡ ട്രയാംഗിളിലെ രഹസ്യം ഇതാ!

വാഷിങ്ടൺ: ലോകപ്രശസ്തമായ ബെർമുഡ ട്രയാംഗിളിന് സമാനമായി, കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ രണ്ടായിരത്തിലധികം വിമാനങ്ങൾ അപ്രത്യക്ഷമായ ‘നെവാഡ ട്രയാംഗിൾ’ വീണ്ടും ചർച്ചയാകുന്നു. അമേരിക്കയിലെ പടിഞ്ഞാറൻ മേഖലയിൽ കാലിഫോർണിയ, നെവാഡ, അരിസോണ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പൈലറ്റുമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വിഖ്യാത സാഹസികനായ സ്റ്റീവ് ഫോസെറ്റിന്റെ തിരോധാനത്തോടെയാണ് മേഖലയുടെ നിഗൂഢതകൾ ലോകശ്രദ്ധ നേടിയത്.

സ്റ്റീവ് ഫോസെറ്റിന്റെ തിരോധാനവും കണ്ടെത്തലും

നൂറിലധികം ലോകറെക്കോർഡുകൾ സ്വന്തമായുള്ള അതിസമർത്ഥനായ പൈലറ്റായിരുന്നു സ്റ്റീവ് ഫോസെറ്റ്. 2007 സെപ്റ്റംബർ 3ന് നെവാഡ മരുഭൂമിക്ക് മുകളിലൂടെ പറന്ന അദ്ദേഹത്തിന്റെ വിമാനം അപ്രത്യക്ഷമായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിൽ നടന്നിട്ടും ഒരു വർഷത്തോളം അദ്ദേഹത്തെ കണ്ടെത്താനായില്ല. ഒടുവിൽ 2008ൽ ഒരു മലകയറ്റക്കാരൻ കാട്ടിൽ നിന്ന് ഫോസെറ്റിന്റെ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതോടെയാണ് വിമാനാവശിഷ്ടങ്ങളിലേക്ക് അന്വേഷണസംഘം എത്തിയത്.

അന്യഗ്രഹജീവികളോ അതോ പ്രകൃതിയോ?

അതിരഹസ്യമായ ‘ഏരിയ 51′ ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ, വിമാനങ്ങൾ അപ്രത്യക്ഷമാകുന്നതിന് പിന്നിൽ അന്യഗ്രഹജീവികളാണെന്നും സർക്കാർ ഗൂഢാലോചനയുണ്ടെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ശാസ്ത്രലോകം ഇതിനെ തള്ളിക്കളയുകയാണ്. കാലിഫോർണിയയിലെ ഫ്രെസ്‌നോ മുതൽ നെവാഡയിലെ റെനോ വരെയും, പടിഞ്ഞാറ് അരിസോണ വരെയും വ്യാപിച്ചുകിടക്കുന്ന 65,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണിത്.’മൗണ്ടൻ വേവ്‌സ്’ (Mountain Waves) എന്നറിയപ്പെടുന്ന ശക്തമായ കാറ്റാണ് അപകടങ്ങൾക്ക് പിന്നിലെ യഥാർത്ഥ വില്ലൻ. പസഫിക് സമുദ്രത്തിൽ നിന്നുള്ള അതിവേഗ കാറ്റ് കുത്തനെയുള്ള സിയറ നെവാഡ പർവതനിരകളിൽ തട്ടി താഴേക്ക് അതിശക്തമായി പതിക്കുന്നു. നയാഗ്ര വെള്ളച്ചാട്ടം പോലെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വായുപ്രവാഹം ചെറിയ വിമാനങ്ങളെ നിയന്ത്രണം തെറ്റിച്ച് പാറക്കെട്ടുകളിലേക്ക് ഇടിച്ചിറക്കാൻ ശേഷിയുള്ളതാണ്.

ദുർഘടമായ മലനിരകളും പെട്ടെന്ന് മാറുന്ന കാലാവസ്ഥയുമാണ് പല അപകടങ്ങളും കണ്ടെത്താൻ കഴിയാതെ പോകുന്നതിന് കാരണം. ഫോസെറ്റിനായുള്ള തിരച്ചിലിനിടെ മാത്രം ഇതുവരെ തിരിച്ചറിയപ്പെടാത്ത എട്ട് വിമാനാപകട സ്ഥലങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ചുരുക്കത്തിൽ, നിഗൂഢതകൾക്കപ്പുറം പ്രകൃതിയുടെ സംഹാരരൂപമാണ് നെവാഡ ട്രയാംഗിളിനെ ഒരു വിമാന ശ്മശാനമാക്കുന്നത്.

Also read: