പിരമിഡ് പണിതത് മനുഷ്യരല്ല; പിന്നാര്!? അമ്പരപ്പിക്കുന്ന കണ്ടെത്തൽ
കെയ്‌റോ: ലോകത്തിലെ ഏറ്റവും വലിയ പ്രഹേളികകളിൽ ഒന്നാണ് ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മാണം. ആയിരക്കണക്കിന് അടിമകളുടെയും തൊഴിലാളികളുടെയും കഠിനാധ്വാനം കൊണ്ട് മാത്രമാണോ വമ്പൻ കല്ലുകൾ ഒന്നിനുമീതെ ഒന്നായി അടുക്കി ഈ സ്മാരകങ്ങൾ പണിതുയർത്തിയത്? അതോ ഇതിനുപിന്നിൽ അദ്ഭുതകരമായ മറ്റെന്തെങ്കിലും സാങ്കേതികവിദ്യകളുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുന്ന പുതിയ പഠനം ഈജിപ്ഷ്യൻ ചരിത്രകാരന്മാരെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
പുരാതന ഈജിപ്തുകാർ കനത്ത കല്ലുകൾ ഉയർത്താൻ ജലശക്തിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ്, സേവ്യർ ലാൻഡ്രിയോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം മുന്നോട്ട് വെക്കുന്ന വിപ്ലവകരമായ സിദ്ധാന്തം. ഈജിപ്തിലെ ഏറ്റവും പഴക്കമേറിയ പിരമിഡുകളിൽ ഒന്നായ ‘ജോസറിന്റെ പിരമിഡിന്റെ’ (Step Pyramid of Djoser) നിർമ്മാണ രീതികളെക്കുറിച്ച് നടത്തിയ പിയർറിവ്യൂഡ് പഠനം പ്രശസ്തമായ PLOS ONE ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെളിവുകൾ സഖാറയിൽ നിന്ന്
പിരമിഡ് നിർമ്മാണത്തിന് റാമ്പുകളും കയറുകളും മനുഷ്യപ്രയത്‌നം മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്ന പരമ്പരാഗത ധാരണയെ ഈ പഠനം ചോദ്യം ചെയ്യുന്നു. നൈൽ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കം ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്ന ഒരുതരം പ്രാകൃത ഹൈഡ്രോളിക് ലിഫ്റ്റിനെക്കുറിച്ചാണ് ഗവേഷകർ സൂചന നൽകുന്നത്.
സഖാറ പീഠഭൂമിയിലെ ജോസറിന്റെ പിരമിഡിന് ചുറ്റുമുള്ള വിശാലമായ ‘ഡ്രൈ മോറ്റ്’ (Dry Moat) എന്ന് വിളിക്കപ്പെടുന്ന കിടങ്ങിൽ നടത്തിയ വിശദമായ വിശകലനത്തിലാണ് നിർണായക കണ്ടെത്തലുകൾ ലഭിച്ചത്. ഇവിടെ ആധുനിക ജലശുദ്ധീകരണ സംവിധാനങ്ങളിൽ (Water Treatment Plants) ഉപയോഗിക്കുന്നതിന് സമാനമായ, പാറയിൽ കൊത്തിയെടുത്ത പ്രത്യേക അറകൾ ഗവേഷകർ കണ്ടെത്തി. ചരിഞ്ഞ ഇൻലെറ്റുകൾ, ജലത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഭിത്തികൾ, ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള സെറ്റിലിംഗ് ബേസിനുകൾ (Settling basins) എന്നിവ ഈ അറകളിൽ വ്യക്തമാണ്. ഇത് കേവലം ആചാരപരമായ ഒരു കിടങ്ങല്ല, മറിച്ച്, കൃത്യമായ ജല മാനേജ്‌മെന്റ് ലക്ഷ്യമിട്ടുള്ള ഒരു സംവിധാനമായിരുന്നുവെന്ന് പഠനം ശക്തമായി വാദിക്കുന്നു.
കല്ലുകൾ ഉയർത്തിയ ‘ആന്തരിക ലിഫ്റ്റ്’
പിരമിഡിന്റെ ഘടനയ്ക്കുള്ളിൽ നടത്തിയ പരിശോധനയും ഈ വാദത്തെ സാധൂകരിക്കുന്നു. പിരമിഡിന് താഴെ സ്ഥിതി ചെയ്യുന്ന, ഏകദേശം 30 മീറ്റർ ആഴമുള്ളതും 200 മീറ്റർ നീളമുള്ള തുരങ്കങ്ങളാൽ ബന്ധിപ്പിച്ചതുമായ രണ്ട് ലംബ ഷാഫ്റ്റുകൾ (Vertical Shafts) ഹൈഡ്രോളിക് എലിവേറ്ററുകളായി പ്രവർത്തിച്ചിരിക്കാമെന്ന് ലാൻഡ്രിയോയുടെ സംഘം അനുമാനിക്കുന്നു.
ശുദ്ധീകരിച്ച വെള്ളം ഈ ഷാഫ്റ്റുകളിലേക്ക് നിറച്ച്, അതിൽ പൊങ്ങിക്കിടക്കുന്ന തടിയിലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കനത്ത കല്ലുകൾ മുകളിലേക്ക് കൊണ്ടുപോയ ‘അഗ്‌നിപർവ്വത ശൈലിയിലുള്ള’ (Volcanic-style) ആന്തരിക നിർമ്മാണ രീതിയാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്. ഈ സംവിധാനത്തിന് ഏകദേശം 300 കിലോഗ്രാം ഭാരമുള്ള കല്ലുകൾ വരെ അനായാസം ഉയർത്താൻ കഴിഞ്ഞിരിക്കാമെന്ന് കണക്കാക്കുന്നു.
പിരമിഡ് പണിതത്
ഈ സിദ്ധാന്തം ശരിയാണെങ്കിൽ, ചരിത്രത്തിലെ വലിയൊരു തിരുത്തലാകും ഇത്. റോമൻ സാമ്രാജ്യം ഹൈഡ്രോളിക് എഞ്ചിനീയറിംഗ് വിദ്യകൾ ഉപയോഗിക്കുന്നതിനും ഏകദേശം 2,000 വർഷം മുൻപ് തന്നെ ഈജിപ്തുകാർ നിർമ്മാണ ആവശ്യങ്ങൾക്കായി ജലശക്തി ഉപയോഗിച്ചിരുന്നുവെന്നതിന്റെ ആദ്യകാല തെളിവായി ഇത് മാറും.
“ഇത് മുൻ സിദ്ധാന്തങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നില്ല, മറിച്ച് ഒരു പുതിയ കാഴ്ചപ്പാടാണ് നൽകുന്നത്. പുരാവസ്തുശാസ്ത്രത്തെ ജലശാസ്ത്രം (Hydrology), ഭൂമിശാസ്ത്രം, സിവിൽ എഞ്ചിനീയറിംഗ് എന്നിവയുമായി ബന്ധിപ്പിക്കുകയാണിവിടെ,” ഗവേഷണത്തിന് നേതൃത്വം നൽകിയ ലാൻഡ്രിയോ പറഞ്ഞു. ഈ കണ്ടത്തലുകൾ പരമ്പരാഗത ഈജിപ്‌തോളജിക്ക് പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ് പണ്ഡിത സമൂഹം.