20/04/2026
[fontresizer_tawhidurrahmandear_widget]

ജലാശയത്തിനടിയിൽ ഒരു ‘അറ്റ്ലാന്റിസ്’; നൂറ്റാണ്ടുകൾക്ക് ശേഷവും തകരാത്ത നഗരവും കെട്ടിടങ്ങളും!

 ജലാശയത്തിനടിയിൽ ഒരു ‘അറ്റ്ലാന്റിസ്’; നൂറ്റാണ്ടുകൾക്ക് ശേഷവും തകരാത്ത നഗരവും കെട്ടിടങ്ങളും!

ചരിത്രപുസ്തകങ്ങളെ പോലും അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ. മധ്യേഷ്യയിലെ കിർഗിസ്ഥാനിലുള്ള ഇസിക്-കുൽ (Issyk-Kul) തടാകത്തിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന നഗരം കണ്ടെത്തി. ലോകപ്രശസ്തമായ സിൽക്ക് റോഡ് പാതയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു ഇതെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. കാലപ്പഴക്കത്താൽ തടാകത്തിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളത്തിനടിയിലായ ഈ നഗരത്തിലെ കെട്ടിടങ്ങളും തെരുവുകളും ഇന്നും അത്ഭുതകരമാംവിധം കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.

തെരുവുകളും വ്യവസായശാലകളും
അടുത്തിടെ നടന്ന വിപുലമായ പര്യവേഷണങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്കും തെരുവുകൾക്കും പുറമെ നിർണ്ണായകമായ പല അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടിക ചൂളകൾ, വലിയ തോതിൽ ലോഹങ്ങൾ ശുദ്ധീകരിച്ചിരുന്ന വ്യവസായശാലകൾ എന്നിവയുടെ സാന്നിധ്യം ഈ നഗരം അക്കാലത്തെ വലിയൊരു വ്യാവസായ കേന്ദ്രമായിരുന്നു എന്നതിന് തെളിവാണ്. മണൽ പാളികൾക്കിടയിൽ സുരക്ഷിതമായി പുതഞ്ഞുകിടക്കുന്ന നിലയിലാണ് മിക്ക ശില്പങ്ങളും. മരത്തൂണുകളും കല്ലുകൾ കൊണ്ട് നിർമ്മിച്ച മതിലുകളും ഇന്നും വെള്ളത്തിനടിയിൽ തലയുയർത്തി നിൽക്കുന്നത് ഗവേഷകരെ പോലും അതിശയിപ്പിക്കുന്നു.

സിൽക്ക് റോഡിലെ തന്ത്രപ്രധാന കേന്ദ്രം
യുനെസ്കോയുടെ സിൽക്ക് റോഡ് പൈതൃക പട്ടികയിലുള്ള ഈ പ്രദേശം ചൈനയെയും മധ്യേഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളും പട്ടുമെല്ലാമായി കടന്നുപോയിരുന്ന വ്യാപാരികളുടെ ഒഴിച്ചുകൂടാനാവാത്ത ഒരിടത്താവളമായിരുന്നു ഈ നഗരമെന്ന് കിർഗിസ്ഥാൻ നാഷണൽ അക്കാദമി ഓഫ് സയൻസസിലെ പ്രമുഖ പുരാവസ്തു ഗവേഷകൻ വലേരി കോൾചെങ്കോ (Valery Kolchenko) വ്യക്തമാക്കുന്നു. സിൽക്ക് റോഡിലെ വാണിജ്യ രഹസ്യങ്ങൾ ഇന്നും ഈ തടാകത്തിന്റെ ആഴങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ട്.

നഗരം എങ്ങനെ വെള്ളത്തിനടിയിലായി?
പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും ഇവിടെ സജീവമായ ജനവാസം ഉണ്ടായിരുന്നതായി സമീപത്തെ ശ്മശാനങ്ങളിൽ നിന്നും ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പ്രദേശം ഉപേക്ഷിക്കപ്പെട്ടതായാണ് കരുതപ്പെടുന്നത്. ശക്തമായ ഭൂചലനം മൂലമോ കാലാവസ്ഥാ വ്യതിയാനം കാരണം തടാകത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാലോ ആകാം നഗരം നിമിഷങ്ങൾക്കുള്ളിൽ വെള്ളത്തിനടിയിലായതെന്ന് ഭൗമശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3 മുതൽ 13 അടി വരെ താഴ്ചയിലായതിനാൽ തെളിഞ്ഞ ജലത്തിലൂടെ ഇന്നും നഗരത്തിന്റെ പകുതിയോളം ദൃശ്യമാണ്.

Also read: