സൊമാലിലാന്‍ഡ് വഴി ചെങ്കടല്‍ പിടിക്കാന്‍ നീക്കം; ഇസ്രയേലിനെതിരെ രണ്ടാംഘട്ട ഓപറേഷന്‍ പ്രഖ്യാപിച്ച് ഹൂത്തികള്‍
സന്‍ആ: സൊമാലിലാന്‍ഡ് വഴി ചെങ്കടലിന്റെയും ബാബുല്‍ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഹൂത്തികള്‍. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ പോരാട്ടത്തിന്റെ ‘രണ്ടാംഘട്ട ഓപറേഷന്‍’ ആരംഭിക്കുകയാണെന്ന് ഹൂത്തി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍-ഹൂത്തി പ്രഖ്യാപിച്ചു.
ഇസ്രയേല്‍ മന്ത്രി ഗിദിയോന്‍ സാര്‍ എത്യോപ്യ വഴി രഹസ്യമായി സൊമാലിലാന്‍ഡ് സന്ദര്‍ശിച്ചത് ചെങ്കടലില്‍ സ്വാധീനമുറപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഹൂത്തികള്‍ ആരോപിച്ചു. ഇതിനുള്ള മറുപടിയായാണ് പുതിയ പ്രഖ്യാപനം.
ഏദന്‍ ഉള്‍ക്കടലിനും ബാബുല്‍ മന്ദബിനും അഭിമുഖമായി നില്‍ക്കുന്ന സൊമാലിലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനം മുതലെടുത്ത് ചെങ്കടലില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. സൊമാലിലാന്‍ഡിലെ ഇസ്രയേല്‍ സൈനിക സാന്നിധ്യം തങ്ങളുടെ ‘നിയമപരമായ സൈനിക ലക്ഷ്യം’ ആയിരിക്കുമെന്ന് ഹൂത്തി നേതാവ് വ്യക്തമാക്കി.
അമേരിക്കയുമായും ഇസ്രയേലുമായും നേരിട്ടുള്ളതോ അല്ലെങ്കില്‍ നിഴല്‍സംഘങ്ങളെ ഉപയോഗിച്ചുള്ളതോ ആയ ഏറ്റുമുട്ടല്‍ അനിവാര്യമാണ്. ഇതിനായുള്ള ‘രണ്ടാംഘട്ട’ തയാറെടുപ്പുകളിലാണ് തങ്ങളെന്നും അബ്ദുല്‍ മലിക് അല്‍ഹൂത്തി അറിയിച്ചു. യമന്റെ തിരിച്ചടി ഭയന്നാണ് ഇസ്രയേല്‍ മന്ത്രി രഹസ്യമായി സൊമാലിലാന്‍ഡ് സന്ദര്‍ശിച്ചത്. എന്നാല്‍, മേഖലയിലെ ഇസ്രയേല്‍ നീക്കങ്ങളെ എന്ത് വിലകൊടുത്തും തടയുമെന്നും ഹൂത്തി നേതൃത്വം മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലെ ആക്രമണങ്ങള്‍ക്ക് ശേഷം പശ്ചിമേഷ്യയില്‍ ‘ഗ്രേറ്റര്‍ ഇസ്രയേല്‍’ അജണ്ട നടപ്പിലാക്കാനാണ് നീക്കം നടക്കുന്നതെന്നും ഹൂത്തി നേതവ് പറഞ്ഞു. ഇതിന് അമേരിക്കയുടെ പിന്തുണയുണ്ട്. ഈ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.