‘ഗോമൂത്ര ഗവേഷണത്തെ ലോകവേദിയിലെത്തിച്ചു, രാജ്യത്തിന് അഭിമാനം’; ഐഐടി ഡയറക്ടറെ പരിഹസിച്ച് കോൺഗ്രസ്
ചെന്നൈ: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ ലഭിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കാമകോടിയുടെ ഗോമൂത്ര ഗവേഷണത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയപ്പോൾ, അദ്ദേഹത്തെ ന്യായീകരിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പ്രതിരോധവുമായെത്തി. ഗോമൂത്ര ഗവേഷണത്തിൽ സ്വന്തം പണം നിക്ഷേപിക്കാൻ വെമ്പു തയ്യാറുണ്ടോ എന്ന് കേരള കോൺഗ്രസ് ഘടകം വെല്ലുവിളിച്ചു.
വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് കാമകോടിക്ക് പത്മശ്രീ ബഹുമതി നൽകിയത്. എന്നാൽ, ഗോമൂത്രത്തിന് ബാക്ടീരിയ, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ടെന്ന ഐഐടി മദ്രാസിന്റെ ഗവേഷണത്തെ ഉയർത്തിക്കാട്ടി കോൺഗ്രസ് ഇതിനെ വിമർശിച്ചു. ഗോമൂത്രത്തെ ലോകവേദിയിലേക്ക് എത്തിച്ച ഐഐടിയിലെ വിവാദ ഗവേഷണത്തെ രാഷ്ട്രം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് കേരള ഘടകം എക്‌സിൽ പരിഹസിച്ചു.
കോൺഗ്രസ് വിമർശനത്തിനെതിരെ ശക്തമായ ഭാഷയിലാണ് ശ്രീധർ വെമ്പു പ്രതികരിച്ചത്. മൈക്രോ പ്രോസസ്സർ ഡിസൈൻ പോലുള്ള ഡീപ് ടെക് മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് കാമകോടിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗോമൂത്രത്തിലും ചാണകത്തിലും മനുഷ്യർക്ക് ഉപകാരപ്രദമായ മൈക്രോബയോം അടങ്ങിയിട്ടുണ്ടെന്നും ഇതിനെ തള്ളിക്കളയുന്നത് കൊളോണിയൽ അടിമത്ത മനോഭാവമാണെന്നും വെമ്പു പറഞ്ഞു. നാളെ ഹാർവാർഡോ എംഐടിയോ ഇതേക്കുറിച്ച് പഠനം നടത്തിയാൽ വിമർശകർ അത് വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വാദങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് കാമകോടിയും വ്യക്തമാക്കി. അമേരിക്കൻ ജേണലുകളിലും ‘നേച്ചർ’ മാസികയിലും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വെമ്പുവിന്റെ മറുപടിക്ക് പിന്നാലെ കടുത്ത വെല്ലുവിളിയുമായി കോൺഗ്രസ് രംഗത്തെത്തി. ചാണക ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ കോൺഗ്രസ് ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ സമാനമായ ഗവേഷണത്തിന് അനുവദിച്ച 3.5 കോടി രൂപയിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥർ കാർ വാങ്ങാനും വിനോദയാത്രകൾക്കുമായി ദുരുപയോഗം ചെയ്തത് കോൺഗ്രസ് ഉദാഹരണമായി നിരത്തി.
‘ഗോമൂത്രത്തിന്റെ മാന്ത്രിക ഗുണങ്ങളിൽ അത്രയ്ക്ക് വിശ്വാസമുണ്ടെങ്കിൽ, ഒരു കോടീശ്വരനായ താങ്കൾ എന്തുകൊണ്ട് സ്വന്തം കമ്പനിയുടെ പണം ഇതിനായി നിക്ഷേപിക്കുന്നില്ല?’ എന്ന് കോൺഗ്രസ് വെമ്പുവിനോട് ചോദിച്ചു. കാൻസർ ഭേദമാക്കാൻ ഗോമൂത്രത്തിന് കഴിയുമെങ്കിൽ അത് തെളിയിക്കാൻ പണം നിക്ഷേപിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.