ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു
ലണ്ടന്‍: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച. ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാരുടെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായാണു വിവരം.
‘സോളോണിക്’ (Solonik) എന്ന പേരിലുള്ള ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യൂസര്‍നെയിം, യഥാര്‍ത്ഥ പേര്, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, താമസസ്ഥലത്തെക്കുറിച്ചുള്ള ഭാഗിക വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലും മറ്റ് ഹാക്കര്‍ കമ്യൂണിറ്റികളിലും സൗജന്യമായി ലഭ്യമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2024ല്‍ ഇന്‍സ്റ്റഗ്രാമിന്റെ സോഫ്റ്റ്വെയര് ഇന്റര്ഫേസിലുണ്ടായ(എപിഐ) പിഴവാണ് വിവര ചോര്‍ച്ചയ്ക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ പിഴവ് മുതലെടുത്താണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ കൈക്കലാക്കിയത്. എന്നാല്‍, ഈ വിഷയത്തില്‍ ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ് ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇ-മെയിലിലേക്കും ഫോണിലേക്കും വ്യാജ സന്ദേശങ്ങള്‍ അയച്ച് പാസ്വേഡുകളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്.
ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കപ്പെട്ടേക്കാം. ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പാസ്വേഡുകള് ഉടന്‍ മാറ്റണമെന്നും, ടു-ഫാക്ടര്‍ ഓതന്റിക്കേഷന് നിര്‍ബന്ധമായും എനേബിള്‍ ചെയ്യണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.