28/03/2026
[fontresizer_tawhidurrahmandear_widget]

കർബലക്കും മക്കയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് വേണം; മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡൻ്റ്

 കർബലക്കും മക്കയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് വേണം; മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡൻ്റ്

തെഹ്റാൻ: മുസ്ലിം രാജ്യങ്ങൾക്കിടയിൽ മികച്ച റെയിൽവേ കണക്റ്റിവിറ്റി അത്യാവശ്യമാണെന്നും പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് കർബലയിലേക്കും മക്കയിലേക്കും തടസ്സമില്ലാത്ത ട്രെയിൻ യാത്ര സാധ്യമാകണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള യാത്രാ സൗകര്യങ്ങളെ മാതൃകയാക്കി മുസ്ലിം ലോകം പ്രായോഗികമായ സഹകരണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ അതിർത്തികൾ കടന്ന് വളരെ എളുപ്പത്തിൽ ട്രെയിൻ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ഇത് സാധ്യമാകാത്തതെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ ഇറാൻ വഴി തുർക്കിയിലെ ഇസ്താംബൂളിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാവണം. മക്കയിലേക്കും കർബലയിലേക്കും റെയിൽ മാർഗ്ഗം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം പ്രായോഗിക തലത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ ഇറാഖിലെ കർബലയ്ക്കും സൗദിയിലെ മക്കയ്ക്കും ഇടയിൽ നേരിട്ടുള്ള ട്രെയിൻ സർവീസുകൾ ലഭ്യമല്ല. തീർത്ഥാടകർ വിമാനത്താവളങ്ങളെയും റോഡ് മാർഗ്ഗങ്ങളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇറാഖുമായി ചേർന്ന് റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിൽ ഇറാൻ സജീവമായി ഇടപെടുന്നുണ്ട്. തെഹ്റാനിൽ നിന്ന് കർബലയിലേക്ക് തീർത്ഥാടകർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസ്ര-ഷലംചെ റെയിൽ പാത ഇതിന്റെ ഭാഗമാണ്.

മക്കയിലേക്കും കർബലയിലേക്കും നീളുന്ന ഒരു ഏകീകൃത റെയിൽവേ ശൃംഖല യാഥാർത്ഥ്യമാകണമെങ്കിൽ ഇറാഖ്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ധാരണകൾ ആവശ്യമാണ്. മേഖലയിലെ സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീർത്ഥാടനം സുഗമമാക്കുന്നതിനുമുള്ള വലിയൊരു പദ്ധതിയുടെ ഭാഗമായാണ് പെസെഷ്കിയാൻ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

Also read: