06/03/2026
[fontresizer_tawhidurrahmandear_widget]

ഫലസ്തീൻ ഭൂമിയിൽ ഇസ്രയേലിന്റെ പുതിയ ആയുധ നീക്കം; വെസ്റ്റ് ബാങ്കിൽ 18 കുടിയേറ്റ കേന്ദ്രങ്ങൾക്ക് തോക്ക് ലൈസൻസ്

 ഫലസ്തീൻ ഭൂമിയിൽ ഇസ്രയേലിന്റെ പുതിയ ആയുധ നീക്കം; വെസ്റ്റ് ബാങ്കിൽ 18 കുടിയേറ്റ കേന്ദ്രങ്ങൾക്ക് തോക്ക് ലൈസൻസ്

ജറുസലേം: വെസ്റ്റ് ബാങ്കിലെ 18 അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് തോക്ക് ലൈസൻസ് നൽകാൻ ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറാണ് ഈ തീരുമാനത്തിന് അനുമതി നൽകിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ അട്ടിമറിച്ചുകൊണ്ട് നിയമവിരുദ്ധമായ സെറ്റിൽമെന്റുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

സ്വയം പ്രതിരോധത്തിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് മന്ത്രി ബെൻഗ്വിർ ടെലിഗ്രാമിലൂടെ അവകാശപ്പെട്ടു. പുതിയ തീരുമാനപ്രകാരം കുടിയേറ്റ കേന്ദ്രങ്ങളിലുള്ളവർക്ക് വ്യക്തിഗത ആയുധ ലൈസൻസിനായി അപേക്ഷിക്കാനാകും. ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബെൻഗ്വിർ നടപ്പിലാക്കിയ വിപുലമായ ആയുധ പദ്ധതിയുടെ തുടർച്ചയാണിത്. മുൻ വർഷങ്ങളിൽ 8,000 പേർക്ക് മാത്രം നൽകിയിരുന്ന തോക്ക് പെർമിറ്റുകൾ, പുതിയ നയത്തിലൂടെ 2,40,000 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരുടെ പക്കൽ യുഎസ് നിർമ്മിത എം 16 തോക്കുകൾ മുതൽ ഡ്രോണുകൾ വരെയുള്ള അത്യാധുനിക സൈനിക ആയുധങ്ങളുണ്ട്. എന്നാൽ, ഈ ആയുധങ്ങൾ ഉപയോഗിച്ച് ഫലസ്തീനികളെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുകയാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2022ന് ശേഷം വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം 141ൽ നിന്ന് 210 ആയി വർദ്ധിച്ചു.

യുഎൻ കണക്കുകൾ പ്രകാരം 2025ൽ ഫലസ്തീനികൾക്കെതിരെ 1,800ലധികം കുടിയേറ്റ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 55 കുട്ടികളുൾപ്പെടെ 240 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഇസ്രയേലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് 2024ൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വിധിച്ചിരുന്നുവെങ്കിലും, സെറ്റിൽമെന്റ് പദ്ധതികളുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണ്.

Also read: