അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് (K-TET) നിര്‍ബന്ധമാക്കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. അധ്യാപക സംഘടനകളില്‍നിന്ന് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍വീസിലുള്ള അധ്യാപകര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ തന്നെ പുനഃപരിശോധന ഹരജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയത്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാകാന്‍ കെ-ടെറ്റ് യോഗ്യത വേണമെന്നും, നെറ്റ്, പിഎച്ച്ഡി തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പോലും ഇതില്‍ ഇളവുണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരവ് ഇറങ്ങി രണ്ടാം ദിവസം തന്നെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെയുള്ളവര്‍ പുതിയ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അഞ്ച് വര്‍ഷത്തിലധികം സര്‍വീസ് ബാക്കിയുള്ള 40,000ത്തോളം അധ്യാപകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കുമായിരുന്നു. കെ-ടെറ്റ് യോഗ്യതയില്ലാത്ത പക്ഷം ഇവര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇവര്‍ക്കായി ഫെബ്രുവരിയില്‍ പ്രത്യേക പരീക്ഷ നടത്താനിരിക്കെയാണ് തിടുക്കത്തിലുള്ള ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
പുതിയ നിയമന വ്യവസ്ഥകളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്ഥാനക്കയറ്റ നിബന്ധനകളില്‍ വ്യക്തത വരുത്തിക്കൊണ്ട് ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് ശേഷം പുതുക്കിയ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കെ-ടെറ്റ് ഇല്ലാത്ത സര്‍വീസിലുള്ള അധ്യാപകര്‍ക്ക് അത് നേടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍, നാല്‍പ്പതിനായിരത്തോളം പേരെ വിജയിപ്പിക്കാനായി പരീക്ഷ എളുപ്പമാക്കേണ്ടി വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത് അധ്യാപക യോഗ്യതാ ഗുണനിലവാരത്തെ ബാധിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.