27/01/2026

കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം; ക്യാമറകളും കൗണ്ടറുകളും സമരക്കാർ അടിച്ചുതകർത്തു

 കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം; ക്യാമറകളും കൗണ്ടറുകളും സമരക്കാർ അടിച്ചുതകർത്തു

കുമ്പള: കാസർകോട് കുമ്പള ടോൾ ഗേറ്റിൽ വൻ സംഘർഷം. ദേശീയപാത ടോൾ പിരിവിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ സമരക്കാർ ടോൾ പ്ലാസയിലെ ക്യാമറകളും കൗണ്ടറുകളും അടിച്ചുതകർത്തു. ഇന്നലെ രാത്രിയോടെയാണ് പന്തം കൊളുത്തി പ്രകടനമായെത്തിയ നൂറുകണക്കിന് യുവാക്കൾ ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളും സംഘടനകളും ഒത്തുചേർന്നതോടെ ടോൾ പ്ലാസ പരിസരം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് പ്രകോപിതരായ സമരക്കാർ ടോൾ ബൂത്തുകൾക്കും നിരീക്ഷണ സംവിധാനങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

അതേസമയം, സമാധാനപരമായ പ്രതിഷേധത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി എകെഎം അഷ്‌റഫ് എംഎൽഎ പ്രതികരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ജനാധിപത്യപരമായ രീതിയിലാണ് സമരം നയിക്കുന്നതെന്നും, സംഘർഷമുണ്ടാക്കേണ്ട സാഹചര്യം സമരസമിതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎച്ച്എഐയുടെ നിലപാടുകളെ സംരക്ഷിക്കാൻ ആരെങ്കിലും ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. നിലവിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും നിലയുറപ്പിച്ചിരിക്കുന്ന സമരക്കാരോട് ക്രമസമാധാനം പാലിക്കാൻ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: