മാക്രോണിന്റെ ‘ടോപ്പ് ഗൺ’ ലുക്ക് വൈറൽ; ഫ്രഞ്ച് കണ്ണട നിർമ്മാതാക്കൾക്ക് ലോട്ടറി, മൂല്യത്തിൽ വൻ കുതിപ്പ്
ബേൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ ലുക്ക് ആഗോളതലത്തിൽ ചർച്ചയാകുന്നു. ടോം ക്രൂയിസ് ചിത്രം ‘ടോപ്പ് ഗണ്ണി’നെ അനുസ്മരിപ്പിക്കും വിധം ഏവിയേറ്റർ സൺഗ്ലാസ് ധരിച്ചെത്തിയ മാക്രോണിന്റെ ചിത്രങ്ങൾ വൈറലായതോടെ, കണ്ണടയുടെ നിർമ്മാതാക്കളായ ‘ഐവിഷൻ ടെക്’ കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഏകദേശം നാല് മില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്.
പാരമ്പര്യമായി കണ്ണടകൾ നിർമ്മിക്കുന്ന ഫ്രഞ്ച് ബ്രാൻഡായ ഹെൻറി ജൂലിയന്റെ ഉടമസ്ഥരാണ് ഇറ്റാലിയൻ കമ്പനിയായ ഐവിഷൻ ടെക്. മാക്രോൺ ധരിച്ച ‘പസഫിക് എസ് 01’ മോഡൽ വൈറലായതോടെ കമ്പനിയുടെ വെബ്സൈറ്റ് തിരക്ക് കാരണം പ്രവർത്തനരഹിതമായി. ഏകദേശം 659 യൂറോ (ഏകദേശം 60,000 രൂപ) വിലവരുന്ന ഈ കണ്ണടകൾ പൂർണമായും ഫ്രാൻസിലാണ് നിർമ്മിക്കുന്നത്.
പ്രസിഡന്റിന്റെ കണ്ണടയെച്ചൊല്ലി നിരവധി ഊഹാപോഹങ്ങളാണ് ഉയർന്നുവന്നത്. അദ്ദേഹം ബോക്സിങ് പരിശീലനത്തിനിടെ പരിക്കേറ്റതാണോ എന്നും ട്രംപിനെ നേരിടാനുള്ള തയ്യാറെടുപ്പാണോ എന്നും സമൂഹമാധ്യമങ്ങൾ ചോദിച്ചു. എന്നാൽ, തന്റെ വലതു കണ്ണിലെ രക്തക്കുഴൽ പൊട്ടിയതിനെ (Subconjunctival hemorrhage) തുടർന്നാണ് സൺഗ്ലാസ് ധരിച്ചതെന്ന് മാക്രോൺ പിന്നീട് വിശദീകരിച്ചു.
കമ്പനിയുടെ ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത മികച്ച പരസ്യമാണ് പ്രസിഡന്റിലൂടെ ലഭിച്ചതെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരിട്ട് ബന്ധപ്പെട്ട് തങ്ങൾ നിർമ്മിച്ച കണ്ണടകൾ വാങ്ങുകയായിരുന്നുവെന്നും ഐവിഷൻ ടെക് സിഇഒ സ്റ്റെഫാനോ ഫുൾച്ചിർ പറഞ്ഞു.താൻ സമ്മാനമായി നൽകാൻ തയ്യാറായെങ്കിലും, പണം നൽകി വാങ്ങാനാണ് മാക്രോൺ താൽപ്പര്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ഓഹരികൾ ഒറ്റദിവസം കൊണ്ട് 28 ശതമാനത്തോളം വർദ്ധിച്ചു.