2026-2027 സെൻസസ് വിജ്ഞാപനം ഇറങ്ങി: ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടുപടിക്കലെത്തി ചോദിക്കുക ഈ 33 ചോദ്യങ്ങൾ
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന 2027 ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ട ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലിനായി 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണൻ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ‘ഡിജിറ്റൽ സെൻസസ്’ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് പാൻഡെമിക് കാരണം വൈകിയിരുന്നു. അന്ന് തയ്യാറാക്കിയ 31 ചോദ്യങ്ങളിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ 33 ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും വീടിന്റെ ഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചതാണ് ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണം.
2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ (വീടുകളുടെ പട്ടികപ്പെടുത്തൽ) ഉൾപ്പെടുത്തിയിരിക്കുന്ന 33 ചോദ്യങ്ങൾ താഴെ നൽകുന്നു:
- കെട്ടിട നമ്പർ (മുനിസിപ്പൽ/തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ സെൻസസ് നമ്പർ).
- സെൻസസ് ഹൗസ് നമ്പർ.
- വീടിന്റെ തറ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു.
- വീടിന്റെ ഭിത്തി നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു.
- വീടിന്റെ മേൽക്കൂര നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു.
- സെൻസസ് ഹൗസിന്റെ ഉപയോഗം (താമസം/മറ്റുള്ളവ).
- വീടിന്റെ അവസ്ഥ.
- കുടുംബ നമ്പർ (Household number).
- വീട്ടിൽ സാധാരണയായി താമസിക്കുന്ന ആകെ വ്യക്തികളുടെ എണ്ണം.
- ഗൃഹനാഥന്റെ പേര്.
- ഗൃഹനാഥന്റെ ലിംഗഭേദം.
- ഗൃഹനാഥൻ പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് വിഭാഗത്തിൽപ്പെട്ടയാളാണോ എന്നത്.
- വീടിന്റെ ഉടമസ്ഥാവകാശം (സ്വന്തം/വാടക/മറ്റുള്ളവ).
- കുടുംബത്തിന്റെ കൈവശമുള്ള ആകെ മുറികളുടെ എണ്ണം.
- വീട്ടിൽ താമസിക്കുന്ന വിവാഹിതരായ ദമ്പതികളുടെ എണ്ണം.
- കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്.
- കുടിവെള്ളത്തിന്റെ ലഭ്യത (വീടിനുള്ളിൽ/അടുത്ത്/ദൂരെ).
- വെളിച്ചത്തിനായുള്ള പ്രധാന സ്രോതസ്സ് (വൈദ്യുതി/മറ്റുള്ളവ).
- കക്കൂസ് സൗകര്യമുണ്ടോ എന്നത്.
- കക്കൂസിന്റെ തരം.
- മലിനജല നിന്നുപോകാനുള്ള സൗകര്യം (Waste water outlet).
- കുളിക്കാനുള്ള സൗകര്യമുണ്ടോ എന്നത്.
- അടുക്കളയുടെയും എൽ.പി.ജി (LPG)/പി.എൻ.ജി (PNG) കണക്ഷന്റെയും ലഭ്യത.
- പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം.
- റേഡിയോ/ട്രാൻസിസ്റ്റർ ഉണ്ടോ എന്നത്.
- ടെലിവിഷൻ ഉണ്ടോ എന്നത്.
- ഇന്റർനെറ്റ് സൗകര്യമുണ്ടോ എന്നത്.
- ലാപ്‌ടോപ്പ്/കമ്പ്യൂട്ടർ ഉണ്ടോ എന്നത്.
- ടെലിഫോൺ/മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ ഉണ്ടോ എന്നത്.
- സൈക്കിൾ/സ്‌കൂട്ടർ/മോട്ടോർ സൈക്കിൾ/മോപ്പെഡ് ഉണ്ടോ എന്നത്.
- കാർ/ജീപ്പ്/വാൻ ഉണ്ടോ എന്നത്.
- വീട്ടിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യം.
- മൊബൈൽ നമ്പർ (സെൻസസുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്ക് മാത്രം).
പ്രവർത്തന രീതിയും രണ്ടാം ഘട്ടവും
ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിലാകും നടക്കുക. ഇതിനായുള്ള പോർട്ടൽ വഴി വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എൻയുമറേഷൻ’ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഏകദേശം 30 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഈ ബൃഹത്തായ ദൗത്യത്തിനായി രാജ്യത്തുടനീളം വിന്യസിക്കുന്നത്. സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പ്രതിഫലം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 നവംബറിൽ നടത്തിയ പൈലറ്റ് സർവ്വേയുടെ അടിസ്ഥാനത്തിലാണ് അന്തിമ ചോദ്യാവലി തയ്യാറാക്കിയത്.