‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ഉദ്യോഗസ്ഥർ അനുവദിച്ചില്ല’- പരാതിയിൽ ആരോപണം
ബെംഗളൂരു: സി.ജെ റോയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഇൻകം ടാക്സ് റെയ്ഡിനിടെ അമ്മയോട് സംസാരിക്കാൻ അനുവദിക്കണമെന്ന് റോയ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ ജോസഫ് നൽകിയ അഞ്ചു പേജുള്ള പരാതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ ഭാഗത്തുനിന്ന് വലിയ സമ്മർദവും ഭീഷണിയും ഉണ്ടായതായി റോയിയുടെ സഹോദരൻ ബാബു സി.ജെ ആരോപിച്ചു. വിയറ്റ്നാമിൽ നിന്നെത്തിയ അദ്ദേഹം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബൗറിങ് ആശുപത്രിയിലെത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചത്. എന്നാൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി ഒപ്പിടാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.
സംഭവത്തിൽ കർണാടക സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി വരുന്നു. റോയിയുടെ ഡയറിയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോയിയുടെ ഓഫീസ് ചേമ്പർ നിലവിൽ സീൽ ചെയ്തിരിക്കുകയാണ്. നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.