വീട്ടിനുള്ളിൽ നിസ്കരിച്ചവർക്കെതിരെ കേസ്, അറസ്റ്റ്; സംഭവം യുപിയിൽ
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ ജമാഅത്ത് നിസ്‌കാരം നിർവഹിച്ചതിന് 12 പേരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ബറേലി ജില്ലയിലെ മുഹമ്മദ് ഗഞ്ചിലാണ് സംഭവം. നിസ്‌കാരം നിർവഹിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ്, അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്ത് മതപരമായ ഒത്തുചേരൽ നടത്തിയ എന്നാരോപിച്ച് പൊലീസ് നടപടിയെടുത്തത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിസ്‌കാരത്തിന് നേതൃത്വം നൽകിയ ഇമാമും വീട്ടുടമയും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.
ഹസീൻ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ നിലവിൽ ആരും താമസമില്ലാത്തതുമായ വീടാണിതെന്ന് പോലീസ് പറഞ്ഞു. ഗ്രാമവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവിടം നിസ്‌കാരത്തിനും താൽക്കാലിക മദ്രസയായും ഉപയോഗിച്ചിരുന്നതായി അധികൃതർ പറയുന്നു.
പൊതുസമാധാനം ലംഘിക്കാനുള്ള ശ്രമം തടയാൻ മുൻകരുതൽ നടപടിയായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സൂപ്രണ്ട് ഓഫ് പോലീസ് അൻഷിക വർമ്മ പറഞ്ഞു. ‘അനുമതിയില്ലാതെ പുതിയ രീതിയിലുള്ള മതപരമായ ഒത്തുചേരലുകൾ നടത്തുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും’ – സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു. എന്നാൽ, സംഭവം വിവാദമായതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തു.
കസ്റ്റഡിയിലെടുത്ത 12 പേർക്കെതിരെയും പൊതുസമാധാനം തകർക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ വീട്ടുടമ ഹസീൻ ഖാൻ, ഇമാം നൗഷാദ്, സൽമാൻ എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, യുപി പൊലീസിന്റെ നടപടിക്കെതിരെ കോൺഗ്രസും ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ (എഐഎംഐഎം) രംഗത്തെത്തി. എന്ത് അടിസ്ഥാനത്തിലാണ് വീട്ടിനുള്ളിൽ നിസ്‌കരിച്ചവരെ അറസ്റ്റ് ചെയ്തതെന്ന് ബറേലി പൊലീസ് വ്യക്തമാക്കണമെന്നും സംസ്ഥാനത്തെ ക്രിമിനലുകളെ മുഴുവൻ ഇല്ലായ്മ ചെയ്തു കഴിഞ്ഞിട്ടാണോ വീട്ടിനുള്ളിൽ നിസ്‌കരിക്കുന്ന പൗരന്മാർക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ് ചോദിച്ചു. ഭരണഘടനാ ലംഘനമാണ് പൊലീസ് നടത്തിയതെന്നും യുപി സർക്കാർ നടപടിയെടുക്കണമെന്നും എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ പറഞ്ഞു.