‘നിന്റെ പെങ്ങളെ കൊല്ലുകയാണ്, കോൾ റെക്കോർഡ് ചെയ്‌തോ!’: ഗർഭിണിയായ സ്വാറ്റ് കമാൻഡോയെ തല്ലിക്കൊന്ന് ഭർത്താവ്
ന്യൂഡൽഹി: ഡൽഹിയിൽ സ്വാറ്റ് കമാൻഡോയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ കമാൻഡോ കാജൽ (27) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിരോധ മന്ത്രാലയത്തിലെ ക്ലറിക്കായ ഭർത്താവ് അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22നായിരുന്നു ക്രൂരകൃത്യം നടന്നത്.
കാജലിനെ കൊലപ്പെടുത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പ്രതി അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാൻ നിന്റെ സഹോദരിയെ കൊല്ലുകയാണ്, ഇത് റെക്കോർഡ് ചെയ്‌തോളൂ, പോലീസിന് തെളിവാകും. എന്നെ പിടിക്കാൻ പോലീസിന് കഴിയില്ല,’ എന്നായിരുന്നു അങ്കുറിന്റെ വെല്ലുവിളി. മിനിറ്റുകൾക്ക് ശേഷം വീണ്ടും വിളിച്ച അങ്കുർ, കാജൽ മരിച്ചെന്നും ആശുപത്രിയിലേക്ക് വരാനും ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നാല് മാസം ഗർഭിണിയായിരുന്ന കാജലിനെ ഡംബെൽ കൊണ്ട് തലയ്ക്കടിച്ചും വാതിൽ ഫ്രെയിമിൽ തലയിടിപ്പിച്ചുമാണ് അങ്കുർ പരിക്കേൽപ്പിച്ചത്. വീട്ടിലെ വാതിലിലും ഡംബെല്ലിലും രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഈ 27ന് കാജൽ മരണത്തിന് കീഴടങ്ങി.
പ്രതിയായ അങ്കുർ ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കും കാറും 20 ലക്ഷത്തോളം രൂപയും സ്ത്രീധനമായി വാങ്ങിയിരുന്നതായി കാജലിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. എന്നിട്ടും കാർ ആവശ്യപ്പെട്ട് ഇയാൾ കാജലിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ ആറുമാസം മുമ്പാണ് വിവാഹിതരായത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി അങ്കുറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.