ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചുനോക്കൂ; നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങൾ കാണാം
അമിതമായ പഞ്ചസാരയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വെറും 30 ദിവസം പഞ്ചസാര പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്.
ശരീരത്തിൽ ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?
ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന പഞ്ചസാര ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനം. ഇതിനർത്ഥം പ്രകൃതിദത്തമായി പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര കഴിക്കുന്നത് നിർത്തണമെന്നല്ല. മറിച്ച്, കൃത്രിമമായി മധുരം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി പകരം ഹോൾ ഫുഡ്‌സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്.
ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ഗുണങ്ങൾ നൽകും.
- രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത വലിയ തോതിൽ കുറയ്ക്കും.
- ഹൃദയാരോഗ്യം മെച്ചപ്പെടുന്നു: രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ഹൃദ്രോഗം മൂലമുള്ള മരണസാധ്യത കുറയുകയും ചെയ്യുന്നു.
- കരളിന്റെ സംരക്ഷണം: മധുരം കുറയ്ക്കുന്നത് കരളിലെ കൊഴുപ്പ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കും. ഫാറ്റി ലിവർ പോലുള്ള അവസ്ഥകൾ ഉള്ളവർക്ക് ഇത് വലിയ ആശ്വാസമാണ്.
- ശരീരഭാരം കുറയുന്നു: പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങളിൽ കലോറി കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇവ ഒഴിവാക്കി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ സ്വാഭാവികമായും ശരീരഭാരം കുറയും.
- പല്ലുകളുടെ ആരോഗ്യം: വായയിലെ ബാക്ടീരിയകൾ പഞ്ചസാരയെ വിഘടിപ്പിച്ചുണ്ടാക്കുന്ന ആസിഡാണ് പല്ലുകൾ നശിപ്പിക്കുന്നത്. മധുരം കുറയ്ക്കുന്നത് പല്ലിലെ കാവിറ്റികൾ തടയാൻ സഹായിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
1.മധുരപാനീയങ്ങൾ, സോഡ, എനർജി ഡ്രിങ്കുകൾ.
2.കേക്ക്, ബിസ്‌കറ്റ്, ഐസ്‌ക്രീം, മിഠായികൾ.
3.കെച്ചപ്പ്, ബിബിക്യു സോസ്, മധുരമുള്ള പാൽ ഉൽപ്പന്നങ്ങൾ.
4.ശുദ്ധീകരിച്ച ധാന്യങ്ങൾ (വൈറ്റ് ബ്രെഡ്, പാസ്ത).
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
1.പച്ചക്കറികൾ: ബ്രൊക്കോളി, ചീര, കാരറ്റ്, മധുരക്കിഴങ്ങ്.
2.പഴങ്ങൾ: ആപ്പിൾ, ബെറികൾ, ഓറഞ്ച്.
3.പ്രോട്ടീൻ: മുട്ട, ചിക്കൻ, മീൻ, ടോഫു.
4.ആരോഗ്യകരമായ കൊഴുപ്പുകൾ: അവോക്കാഡോ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ.
5.മധുരമില്ലാത്ത പാനീയങ്ങൾ: വെള്ളം, സ്പാർക്ലിങ് വാട്ടർ, ബ്ലാക്ക് കോഫി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉത്തരവാദിത്തത്തോടെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ ചിലരിൽ താൽക്കാലികമായ അസ്വസ്ഥതകളോ ഭക്ഷണത്തോടുള്ള അമിതമായ ഉത്കണ്ഠയോ ഉണ്ടായേക്കാം. അതിനാൽ ഡയറ്റീഷ്യന്റെ നിർദ്ദേശം തേടുന്നത് ഉചിതമായിരിക്കും.
പഞ്ചസാര കുറയ്ക്കുന്നത് 30 ദിവസത്തെ താൽക്കാലിക പ്രവർത്തിയല്ല, മറിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പായിരിക്കണം.