27/01/2026

ആകാശത്തുനിന്ന് വീണത് സ്വർണമല്ല; അതിലും അമൂല്യമായ ‘നിധി’- ഖത്തറില്‍ വീണ്ടും ഉൽക്കാശില

 ആകാശത്തുനിന്ന് വീണത് സ്വർണമല്ല;  അതിലും അമൂല്യമായ ‘നിധി’-  ഖത്തറില്‍ വീണ്ടും ഉൽക്കാശില

ദോഹ: ഖത്തറിലെ അൽ ഖോർ മരുഭൂമിയിൽ രണ്ടാമതും ഉൽക്കാശില കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ ശില കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രം തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.

ശാസ്ത്രീയ പരിശോധനയും സ്ഥിരീകരണവും ആദ്യഘട്ടത്തിൽ ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്‌റ്റൈറ്റ് (Tektite) ആണെന്ന് കരുതിയെങ്കിലും, വിശദമായ ലാബ് പരിശോധനകൾക്ക് ശേഷം ഇതൊരു ഇരുമ്പ് ഉൽക്കാശില (Iron Meteorite) ആണെന്ന് സ്ഥിരീകരിച്ചു. പുരാതന ഗ്രഹങ്ങളുടെ ഉൾഭാഗങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഇത്തരം ശിലകൾ ശാസ്ത്രലോകത്ത് അതീവ പ്രാധാന്യമുള്ളവയാണ്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇവ വലിയ സഹായമാകും.

ആദ്യ ഉൽക്കാശില കണ്ടെത്തിയപ്പോൾ ലഭിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയമായ തിരച്ചിലാണ് രണ്ടാമത്തെ കണ്ടെത്തലിലേക്ക് നയിച്ചത്. ഏകദേശം 10 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഉൽക്കാശിലയുടെ യാത്രാപഥം (Flight path) ജ്യോതിശാസ്ത്രജ്ഞർ മാപ്പ് ചെയ്തിരുന്നു. ഡ്രോണുകളും ജിപിഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മരുഭൂമിയിലെ ദുർഘടമായ പാതകളിലൂടെ നടത്തിയ തിരച്ചിലിലാണ് പുതിയ ശില ലഭിച്ചത്. അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ഉൽക്കാശിലകൾ ഒന്നിലധികം കഷണങ്ങളായി പൊട്ടിത്തെറിക്കാറുണ്ട് എന്ന നിഗമനത്തെ ഈ കണ്ടെത്തൽ ശരിവെക്കുന്നുണ്ട്.

മേഖലയിലെ ജ്യോതിശാസ്ത്ര ഗവേഷണങ്ങൾക്ക് വലിയ ഉത്തേജനം നൽകുന്നതാണ് ഖത്തറിലെ ഈ പുതിയ കണ്ടെത്തലുകൾ. തന്റെ എക്‌സ് (X) അക്കൗണ്ടിലൂടെ ഷെയ്ഖ് സൽമാൻ കണ്ടെത്തലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Also read: