‘വിഡ്ഢി’ എന്ന് വിളിച്ച് റയാനെയർ സിഇഒ; കമ്പനി വാങ്ങി പുറത്താക്കുമെന്ന് മസ്‌ക്, ചരിത്രം ആവർത്തിക്കുമോ?
ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്‌കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്‌കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്.
എക്‌സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്‌ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം തനിക്ക് ആവശ്യമില്ലെന്നും ഒലിയറി തുറന്നടിച്ചു. സ്റ്റാർലിങ്ക് സ്ഥാപിക്കുന്നത് വിമാനയാത്രക്കാർക്ക് അധിക ചിലവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി, ‘ഞാൻ റയാനെയർ വാങ്ങി റയാൻ എന്ന് പേരുള്ള മറ്റൊരാളെ ചുമതല ഏൽപ്പിക്കണോ?’ എന്ന് മസ്‌ക് പരിഹാസത്തോടെ കുറിച്ചു. ഒലിയറി വിഡ്ഢിയാണെന്നും അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും മസ്‌ക് ആഞ്ഞടിച്ചു. 2022ൽ സമാനമായ രീതിയിൽ ട്വിറ്റർ ഏറ്റെടുത്ത ചരിത്രമുള്ളതിനാൽ മസ്‌കിന്റെ ഭീഷണി തമാശയാണോ അതോ ഗൗരവമാണോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. സാങ്കേതികവിദ്യയും ബിസിനസ്സ് താൽപ്പര്യങ്ങളും തമ്മിലുള്ള രണ്ട് പ്രമുഖരുടെ ഏറ്റുമുട്ടൽ ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്.